ഡൽഹി : അവസാനറൗണ്ട് വരെ ക്ഷമയോടെ കാത്തിരുന്ന ശേഷം ഉമ്മൻചാണ്ടി കടുപ്പിക്കുന്നു.കെ സി ജോസഫിനെയും കെ ബാബുവിനെയും മത്സരിപ്പിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉണ്ടാകണം എങ്കിൽ തനിക്കൊപ്പം ഏതറ്റം വരെയും നിൽക്കുന്ന നേതാക്കൾക്ക് സീറ്റ് ഉറപ്പാക്കണം എന്ന് അദ്ദേഹത്തിനറിയാം .
കെ സി ജോസഫ് തോൽവിയറിയാത്ത നാൽപ്പതു വർഷക്കാലം നിയമസഭാ സാമാജികനായിരുന്ന ആളാണ് .ഉമ്മൻചാണ്ടി വിഭാഗത്തിന്റെ മുന്നണിപ്പോരാളിയും മനുഷ്യമുഖവുമാണ് കെ സി ജോസഫ് .ഇരിക്കൂറിൽ നിന്നും തുടർച്ചയായി മത്സരിച്ചു വന്നിരുന്ന കെ സി ജോസഫ് ഇത്തവണ മണ്ഡലം മാറാൻ താല്പര്യപ്പെട്ടു .ചങ്ങനാശ്ശേരി ,കോതമംഗലം എന്നീ സീറ്റ് നോക്കിയെങ്കിലും അതൊന്നും അങ്ങോട്ട് ശരിയായില്ല .ഇപ്പോൾ ഇരിക്കൂറിലേക്ക് തിരിച്ചുപോകാനും കഴിയാത്ത അവസ്ഥയാണ് .ഇനി കാഞ്ഞിരപ്പള്ളി കിട്ടുമോ എന്നാണ് നോക്കുന്നത്.
തൃപ്പൂണിത്തുറയിൽ അഞ്ചു പ്രാവശ്യം വിജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്ത കെ ബാബുവിന് ഇത്തവണ അവിടെത്തന്നെ മത്സരിക്കണം .കഴിഞ്ഞ തവണ സി പി എമ്മിലെ എം സ്വരാജിനോടാണ് അദ്ദേഹം തോറ്റത്. ഉമ്മൻചാണ്ടിയുടെ തുടർഭരണം എന്ന സ്വപ്നം തകർത്തത് വി എം സുധീരനാണ് എന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കെ ബാബുവിനും തുല്യ ഉത്തരവാദിത്തമുണ്ട് .ബാറുകാർക്കൊപ്പം നിന്ന് ഏക്സൈസ് വകുപ്പ് കൈകാര്യം ചെയ്ത ബാബു പൊതുസമൂഹത്തിൽ ഉണ്ടാക്കിയ അവമതിപ്പ് യു ഡി എഫിന്റെ വിജയപ്രതീക്ഷകളെ കാര്യമായി തന്നെ ബാധിച്ചു . ബാബുവിനെ സംരക്ഷിച്ചതിലൂടെ ഉമ്മൻചാണ്ടിക്കും വലിയ വില തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊടുക്കേണ്ടിവന്നു . അനധികൃത സ്വത്തു സമ്പാദന കേസും ,തിരഞ്ഞെടുപ്പ് തോൽവിയും കടുത്ത വിഷാദ രോഗത്തിലേക്കു ബാബുവിനെ എത്തിച്ചു.തുടർന്ന് രാഷ്ട്രീയ വനവാസം .ഏതായാലും തിരഞ്ഞെടുപ്പടുത്തതോടെ രോഗാവസ്ഥയിൽ നിന്നും കേസുകളിൽ നിന്നും മുക്തനായി ബാബു തിരിച്ചെത്തിയത് ഉമ്മൻചാണ്ടിയുടെയും കോൺഗ്രസ്സിന്റെയും ഭാഗ്യം തന്നെ .