ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമായ ട്രാന്‍സിനെ പ്രശംസിച്ച്  സംവിധായകന്‍ ഭദ്രന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. പല പാഴ് വാക്കുകളും കേട്ടാണ് താന്‍ ട്രാന്‍സ് കാണാന്‍ കയറിയതെന്നും, എവിടെയോ മനസ്സ് അപ്പോഴും പറയുന്നുണ്ടായിരുന്നു ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ് അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമയാകില്ലായെന്ന്, മനസ്സ് പറഞ്ഞതു പോലെ സംഭവിച്ചുവെന്ന് ഭദ്രന്‍ കുറിച്ചിരിക്കുന്നു. മനുഷ്യമനസ്സിന് സമാനതകളില്ലാത്ത ഒരു അനുഭവമാണിത്, എവിടെയൊക്കയോ താനും ആ വലയത്തില്‍പ്പെട്ടുവെന്ന് ഭദ്രന്റെ വാക്കുകള്‍. മലയാളികള്‍ മാറാത്തതിലുള്ള ദുഃഖവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ക്രിസ്തുവിശ്വാസിയായ ഞാന്‍ തന്നെ പറയട്ടെ ക്രിസ്തുവിനോ അവിടത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം. ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ടമാണ്. ആത്മീയതയെ കച്ചവടമാക്കുന്ന എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ‘ഫഹദേ മോനേ… സ്ഥിരം നാടകവേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി…’
നീ ഹീറോയാടാ ഹീറോ… ഈ ഡയലോഗോടുകൂടിയാണ് ഭദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.