ശരീരത്തിലെ ഓരോ അവയവങ്ങളും സ്വന്തം ഭാഗമാണ് എന്നതുപോലെ തന്നെയാണ് നമ്മളുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളും സ്ഥലകാലങ്ങളും അനുഭവങ്ങളും ഓരോന്നും നമ്മുടെ ഭാഗമാണ്. സ്വന്തം ശരീരത്തിലോ ചുറ്റുപാടുകളിലോ ജീവിതാനുഭവങ്ങളിലോ അപ്രീതിയും നിരാശയും ഉണ്ടായിട്ടു കാര്യമില്ല. കാരണം, അവ നമ്മുടെതന്നെ ഭാഗമാണല്ലോ! ഒന്നും നമ്മെ തേടി ഇങ്ങോട്ടു വരുന്നതല്ല. എല്ലാം നമ്മിൽ നിന്ന് സൃഷ്ടിക്കപ്പെട്ട് നമ്മിൽ തന്നെ നിലകൊള്ളുന്നതാണ്. നാം ഉള്ളിടത്ത് നമ്മുടെ ശരീരം ഉണ്ട് എന്നതുപോലെ നാം ഉള്ളിടമാണ് നമ്മുടെ സ്ഥലകാലങ്ങൾ. നാം എവിടെ ഉണ്ട് എന്നതിന് ആശ്രയമാകട്ടെ നമുക്ക് അവയുമായുള്ള കർമ്മബന്ധവുമാണ്.

സ്വപ്നത്തിൽ എപ്രകാരമാണോ സ്ഥലവും കാലവും വ്യക്തികളും പ്രപഞ്ചവും അനുഭവങ്ങളും നമ്മിൽ തന്നെ സൃഷ്ടിക്കപ്പെട്ട് നമ്മിൽത്തന്നെ സ്ഥിതിചെയ്യുന്നത്, അതുപോലെ നാം എവിടെയാണോ അവിടെ എന്തൊക്കെ നമ്മളുമായി ബന്ധപ്പെട്ടുണ്ടോ അതെല്ലാം നമ്മുടെ ചിത്തിൽ തെളിഞ്ഞ ശരീരത്തിൻറെ തന്നെ ഭാഗമാണ്.

”നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.” (ദൈവദശകം)

നാം ഉള്ളിടത്താണ് നമ്മുടെ ശരീരവും നമ്മുടെ സ്ഥലവും നമ്മുടെ കാലവും കല്പിക്കപ്പെടുന്നത്. എന്നു പറയുമ്പോൾ നാം ഇല്ലെങ്കിൽ അവയൊന്നും ഇല്ലല്ലോ എന്ന് വ്യക്തമാകുന്നു! ഇങ്ങനെ നമ്മിലുണ്ടാകുന്ന വിക്ഷേപങ്ങൾ ആവണമായി നിന്ന് സ്വരൂപം മറച്ചുകൊണ്ട് നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഭൂമി സൂര്യനെ ചുറ്റിവരുമ്പോൾ നമ്മുടെ സ്ഥലകാലങ്ങളും നമ്മോടൊപ്പം ഉണ്ടായി മാറുന്നതുപോലെ, നാം ഇപ്പോൾ എവിടെയാണോ അവിടെയാണ് നമ്മുടെ കർമ്മബന്ധം. നാം ഭൂമിയിൽ നടന്നു വട്ടം ചുറ്റുന്ന സ്ഥലകാലത്തെ കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളു. ആകാശത്തിൽ ഭൂമിക്കൊപ്പം വട്ടംചുറ്റുന്ന നമ്മുടെ സ്ഥലകാലങ്ങളുണ്ടല്ലോ അത് നമ്മുടെ ശ്രദ്ധയിൽ വരുന്നില്ല! അത് തിരിച്ചറിയണമെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. നാം സ്വസ്ഥമായി ഒരു സ്ഥലത്തിരിക്കുന്നു, അവിടെ നമ്മുടെ സ്വസ്ഥത കെടുത്താൻ മറ്റാരുംതന്നെ ഇല്ല എന്നു കരുതുക. അതിനാൽ അവിടം വിട്ടുപോകാതെ അവിടെത്തന്നെ ദിവസങ്ങളോളം കഴിയുന്നു. അതിനർത്ഥം ഭൂമിയുടെ പ്രതലത്തിൽ ഒരു സ്ഥലത്ത് സ്ഥിരമായി ഇരിക്കുന്നു എന്നാണ്. ദേശം മാറുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ഒരു ചന്ദ്രപക്ഷം കഴിയുമ്പോൾ തന്നെ മനസ്സോ ശരീരമോ നിലവിലുള്ള സ്വസ്ഥമായ അവസ്ഥവിട്ട് അസ്വസ്ഥമാകുന്നതു കാണാം. അതിനർത്ഥം ഭൂമിയിൽ നാം ഒരിടത്ത് സ്ഥിരവാസം ഉറപ്പിക്കുന്നു എന്നതിൽ കാര്യമില്ല എന്നാണ്. നാം സ്ഥിതി ചെയ്യുന്ന ഭൂമി ആകാശത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ നിയന്ത്രണം ഇല്ലാതെതന്നെ കർമ്മഗതിയിൽ സ്ഥലകാലബന്ധം ഉണ്ടാവുകയും നമ്മുടെ അനുഭവങ്ങളാകുന്ന സുഖദുഃങ്ങൾ ഒരു ചക്രത്തിലെന്നപോലെ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ജനനമരണങ്ങളിലൂടെ അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളുടെ അപൂർണ്ണതകൊണ്ട് ഈ ജന്മമുള്ള കാര്യങ്ങളെ പോലും പൂർണ്ണമായും ഓർമ്മിക്കാൻ കഴിയുന്നില്ല. പിന്നെയല്ലേ പൂർവ്വജന്മസ്മരണ!

നമ്മുടെ ജനനമരണങ്ങൾക്കും, സുഖദുഃഖങ്ങൾക്കും സ്ഥലകാലബന്ധം വരുന്നത് ഭൂപ്രതലത്തിൽ മാത്രമല്ലെന്നും ആകാശമാർഗ്ഗത്തിൽ എവിടയാണ് എന്ന ബന്ധവും വരുന്നുണ്ടെന്നു കാണാം. ജനനവും മരണവും ഒരിക്കലും ഒരു പുതിയ കാലത്തിൻറെ തുടക്കമാകുന്നില്ല. നമ്മോടൊപ്പമുള്ള ആകെയുള്ള കാലത്തിൻറെ തന്നെ തുടർച്ചയാണവ. നാം ഏതവസ്ഥയിൽ ഭൂമിയോടൊപ്പം ആകാശത്തിൽ ചുറ്റിയാലും, ശരീരത്തോടൊപ്പം ഭൂമിയിൽ ചുറ്റിത്തിരിഞ്ഞാലും കർമ്മബന്ധം അനുസരിച്ചുള്ള സ്ഥലകാലങ്ങളെ നാം സൃഷ്ടിക്കുകയാണ്. ആഗ്രഹങ്ങൾ ഉള്ളിടത്തോളം കാലം അവ സ്ഥലകാലങ്ങളോടൊപ്പം സ്ഥിതിചെയ്യുന്നു. വിഷയങ്ങളോടുള്ള ആഗ്രഹങ്ങൾ കുറയുന്നതിനനുസരിച്ച് നമ്മുടെ മാനസ്സികമായ സ്വസ്ഥത നിലനിന്നുപോരുന്നതുകാണാം.

”നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ!” (ദൈവദശകം)

നാം കരുതുന്നത് നമ്മുടെ ഇഷ്ടത്തിന് നാം ഓരോന്ന് കണ്ടെത്തുന്നു എന്നാണ്. എന്നാല്‍ ഈ ശരീരം, അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, കുടുംബം, സ്ഥലം, കാലം, സുഖദുഃഖാനുഭവങ്ങൾ ഇതെല്ലാം നാം സ്വന്തം ഇഷ്ടത്തിനാണോ സ്വീകരിച്ചത്? അവയെല്ലാം ജനിച്ചപ്പോഴേ കാലഗതിക്കനുസരിച്ച് ഒപ്പമുള്ളതല്ലേ. കാലഗതിയും കർമ്മഗതിയും ഒന്നുതന്നെയാണ്. ഒന്നില്ലെങ്കിൽ മറ്റേതുമില്ലെന്നു കാണാം. കാലഗതിയും കർമ്മഗതിയുമില്ലെങ്കിൽ സ്ഥലഗതിയും ഉണ്ടാകുന്നില്ല. അതിനാല്‍ നിലവില്‍ കൂടെയുള്ളവയില്‍ പ്രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം ശരീരമെന്നപോലെ എല്ലാം എല്ലാവരും നമ്മോടു ചേർന്നിരിക്കുകയാണ്!

ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഇപ്പോൾ നാം എവിടെ എത്തിയോ അത് നമ്മുടെ സഞ്ചാരപഥം മാത്രമാണ്, ലക്ഷ്യം അല്ല. മാർഗ്ഗം ലക്ഷ്യം ആണെന്ന് തെറ്റിദ്ധരിക്കുന്നതിലാണ് ജീവിതത്തിലെ സുഖങ്ങളിൽ ഭ്രമിക്കുകയും ദുഃഖങ്ങളിൽ കഷ്ടപ്പെടുകയും ചെയ്യുന്നത്. നടന്നു പോകുന്ന വഴി നമ്മുടെ കൂടെ വരാറില്ല. ഇപ്പോൾ നാം എവിടെ എത്തിയോ അതാണ് നമ്മുടെ വഴി. എന്നതിനാൽ ഈ ബന്ധങ്ങളിൽ കൂടിയും ഈ ശരീരത്തിൽ കൂടെയും പൂർവ്വകർമ്മത്തിൻറെ ഗതിയനുസരിച്ച് കടന്നുപോകേണ്ടിയിരിക്കുന്നു. ഇങ്ങനെ ആകെയുള്ള ഈ ചലനത്തിന് ആധാരമായിരിക്കുന്ന ചലനരഹിതമായ ധർമ്മമുണ്ടല്ലോ? സാക്ഷാൽക്കരിക്കേണ്ടത് ആ സത്യത്തെയാണ്. അതിനുള്ള ആദ്യത്തെ പടിയായി സ്വാർത്ഥഭാവം വെടിഞ്ഞ് ഇതൊന്നും തൻറേതല്ല എന്നറിയണം. ഈ ശരീരം ഉൾപ്പെടെ എല്ലാം മാർഗ്ഗമെന്ന നിലയിൽ ഉപേക്ഷിക്കാൻ കഴിയുമ്പോൾ അസ്പന്ദമായ സത്യം അനുഭവപ്പെടും. നശ്വരമായ വസ്തുക്കൾക്കുവേണ്ടിയല്ല, അനശ്വരമായ സത്യത്തിനു വേണ്ടിയാണ് പ്രാർത്ഥന!

”ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.” (ദൈവദശകം)
ഓം

-കൃഷ്ണകുമാർ കെ പി