സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക്‌ വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ല സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞു എന്ന് കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തതിലെ അസ്വാഭാവികതയും ദുരൂഹതയും താന്‍ അന്ന്‌ തന്നെ ചൂണ്ടിക്കാട്ടിയാതാണ്‌.
കൂടാതെ തീപിടിത്തമുണ്ടായ സെക്രട്ടേറിയറ്റ്‌ കെട്ടിടത്തിലെ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ചീഫ്‌ സെക്രട്ടറിയുടെ അസാധാരണമായ ഇടപെടലും സംശായസ്‌പദമാണെന്നും ഇത്‌ വിശദമായി അന്വേഷിക്കണമെന്നും താന്‍ അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ സര്‍ക്കാര്‍ തയ്യാറായില്ല. ഫയലുകള്‍ക്ക്‌ തീപിടിച്ച സംഭവം യാദൃശ്ചികമാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മുഖ്യമന്ത്രിയും പോലീസും ശ്രമിച്ചത്‌ എന്ന് മുല്ലപ്പള്ളി ആരോപിച്ചു.

എ.സിയില്‍ നിന്നും തീപടര്‍ന്നതാണ്‌ കാരണമായി ആദ്യം ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ മണിക്കൂറുകള്‍ക്കകം അത്‌ ഫാനില്‍ നിന്നുമാണെന്ന നിഗമനത്തിലെത്തി. പിന്നെ ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ്‌ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതിയും പോലീസും ഫയര്‍ഫോഴ്‌സും നല്‍കിയത്‌. ഇപ്പോള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ്‌ ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല തീപിടിത്ത കാരണമായി പറയുന്നത്‌.

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്‌ സത്യസന്ധമായി വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച്‌ വായ അടപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ്‌ സെക്രട്ടേറിയറ്റിലെ തീപിടിത്തമെന്നതില്‍ സംശയമില്ല. ഗസ്റ്റ് ഹൗസ്‌ താമസത്തിന്റേയും വിദേശ യാത്രക്കളുടേയും നിര്‍ണ്ണായക രേഖകളാണ്‌ കത്തിച്ചത്‌. ഈ കേസ്‌ അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഉന്നതതലത്തില്‍ ധാരണയായിട്ടുണ്ട്‌. അതിന്റെ ഭാഗമാണ്‌ കൃത്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുത്തുന്ന ഗുരുതരമായ വീഴ്‌ച. എന്‍.ഐ.എ പ്രത്യേക കോടതി തെളിവുകള്‍ ഹാജരാക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ച്‌ തനിക്ക്‌ ഇപ്പോഴും നല്ല മതിപ്പാണുള്ളത്‌. പക്ഷേ,രാഷ്ട്രീയ അന്തര്‍ നാടകങ്ങളുടെ ഇരയായി ഈ ഏജന്‍സികളെ മാറ്റുമ്പോള്‍ അവര്‍ക്ക്‌ എങ്ങനെ സ്വതന്ത്രമായി കേസ്‌ അന്വേഷിക്കാനും പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനും സാധിക്കും?. തെളിവുകള്‍ ഹാജരാകാത്ത പക്ഷം പ്രതികള്‍ക്ക്‌ സ്വാഭാവിക ജാമ്യം ലഭിക്കുകയും കേസ്‌ അന്വേഷണം അനന്തമായി നീണ്ടു പോകുകയും ചെയ്യും. സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷണം ലാവ്‌ലിന്‍ കേസുപോലെ നീട്ടിക്കൊണ്ടു പോകാനും ഉന്നതരെ രക്ഷിക്കാനുമാണ്‌ അണിയറയില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന നീക്കങ്ങൾ.