ഒന്ന് പ്രതിരോധിക്കാൻ പോലുമാകാതെ ആരോപണശരങ്ങളേറ്റ് തളർന്ന സർക്കാർ വീഴ്ചകളിൽ നിന്നും പതിയെ തിരിച്ചടിക്കൊരുങ്ങുന്നു .സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രീയപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കരൻ പെട്ടത് മുതൽ പിണറായി സർക്കാരിന് കഷ്ടകാലമായിരുന്നു .തുടർന്ന് വന്ന പി എസ് സി,ലൈഫ് മിഷൻ വിവാദങ്ങൾ സർക്കാരിനുമേൽ കരിനിഴൽ വീഴ്ത്തി .
വീഴ്ചകളിലേക്കു കൂപ്പു കുത്തുമ്പോൾ തന്നെ ഇടതുപക്ഷം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു .ഇപ്പോൾ കൂടുതൽ രാഷ്ട്രീയ ആയുധങ്ങളുമായി പ്രതിപക്ഷത്തെ അക്രമിക്കാനാണ് ഇടതു നീക്കം .
മുസ്‌ലിം ലീഗ് എം എൽ എ എം സി കമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസ് .വിഷയത്തിൽ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യിക്കാൻ ഇടതു നേതാക്കൾ മുൻകയ്യെടുക്കുന്നുണ്ട്.
പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാരിന് സുപ്രീംകോടതി അനുവാദം നൽകിയിരിക്കുന്നു .കഴിഞ്ഞ സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് എത്രയും പെട്ടന്ന് പാലം പുനർനിർമ്മാണം നടത്താനാണ് സർക്കാർ ശ്രമം .ഡി എം ആർ സി യെയും ഇ ശ്രീധരനെയും നിർമ്മാണ ചുമതലയേൽപ്പിക്കാനാണ് സർക്കാർ നീക്കം .
സമരക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ രോഗം പകരാൻ കാരണമാകുന്നു എന്ന ആരോപണത്തോടൊപ്പം കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് രോഗലക്ഷണങ്ങളുണ്ടായിരിക്കെ സ്വന്തം പേര് മറച്ചുവച്ച് പോത്തൻകോട് കോവിഡ് പരിശോധനയ്ക്ക് വിധേയനായി .തുടർന്ന് സമരങ്ങളിലും പങ്കെടുത്തു എന്നതാണ് പോത്തൻകോട് പഞ്ചായത്തു പ്രസിഡന്റിനെ മുൻനിർത്തി ഇടതുപക്ഷമുയർത്തുന്ന ആരോപണങ്ങൾ .വലിയ വിവാദമാണ് ഈ വിഷയത്തിലും ഉണ്ടായിരിക്കുന്നത് .
ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ യുവജന വിദ്യാർത്ഥി സമരങ്ങൾ പത്താം ദിവസവും പിന്നിട്ടതോടെ ഊർജ്ജവും ശക്തിയും നഷ്ടപ്പെട്ട മട്ടാണ്.ദീർഘകാലം സമരം ശക്തമാക്കിനിർത്താൻ കഴിയുന്ന ഒരു സംഘടനാസംവിധാനം ഇന്ന് കോൺഗ്രസ്സിനില്ല.ജലീലിന്റെ രാജി ആവശ്യവുമായി ബി ജെ പിയും രംഗത്തുണ്ട് എന്നതാണ് പ്രതിപക്ഷ സമരത്തെ കൂടുതൽ സജീവമാക്കിയത് .