സംവിധായകന്‍ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്രമേളയുടെ 23 മത് പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. ബ്ലാക്ക് ഹ്യൂമര്‍ രീതിയില്‍ എടുത്തിരിക്കുന്ന സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഹരിശ്രീ അശോകനാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 18 മുതല്‍ 27 വരെ മേള നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19-ന്റെ സാഹചര്യത്തില്‍ കടുത്ത നിബന്ധനകളോടെ ആയിരിക്കും മേള സംഘടിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2017-ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള്‍ ജയരാജ് സ്വന്തമാക്കിയിരുന്നു. മികച്ച സംവിധായകനുള്ളതും മികച്ച തെരഞ്ഞെടുക്കപ്പെട്ട തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരങ്ങളായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്. അതിന് മുമ്പ് ആറോളം ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന പുരസ്‌ക്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ.പി.എം.മാധവന്‍, വാവച്ചന്‍ എന്നിവര്‍ മറ്റു വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നതും ജയരാജ് തന്നെയാണ്.