കൊച്ചി : നാളെകളിലെ ഇന്ത്യയുടെ സുസ്ഥിര വികസനത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും കാര്യത്തിൽ ഏറെ നിർണ്ണായകമാകാൻ പോകുന്ന പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതികൾക്ക് മുന്നിലെത്താതെയും പാർലമെന്ററിയാതെയും അന്തിമമാക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. പാർലമെന്റിൽ വേണ്ടത്ര ചർച്ച കൂടാതെ ഉദ്യോഗസ്ഥർ നേരിട്ട് ഉണ്ടാക്കിയെടുത്തതു കൊണ്ടാണ് തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനമൊക്കെ ഇത്രയധികം കേസുകളിലേക്ക് വഴിവെച്ചതെന്ന ആക്ഷേപം പല സംസ്ഥാനങ്ങളും കോടതി തന്നെയും നേരത്തെ ഉന്നയിച്ചിട്ടുള്ളതാണ്. നിയമ നിർമ്മാണ ചർച്ചകളിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് സംബന്ധിച്ച ഭരണ ഘടനാ തത്വങ്ങളും കീഴ്‌വഴക്കങ്ങളും മാനിയ്ക്കാൻ സർക്കാർ തയാറാകണം. നിലവിലുള്ള പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കും നിർദ്ദിഷ്ട വിജ്ഞാപനത്തിനും എതിരെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് ഇതിനകം ഗുരുതരവും നിയമപരമായ സാധുതയുള്ളതുമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഈ കോവിഡ് ദുരന്തസമയത്ത്, സമാനതകളിലാത്ത ഒരു സാഹചര്യത്തിലൂടെ നമ്മുടെ രാജ്യം കടന്നുപോകുമ്പോൾ, ജൂൺ 30 നകം നിർദ്ദിഷ്ട പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ സ്വീകരിക്കൽ നിർത്തിവെക്കാനുള്ള സർക്കാർ ശ്രമം കടുത്ത അനീതിയാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. തപാൽ സേവനങ്ങൾ പോലും പൂർണ്ണമായും പ്രവർത്തനക്ഷമമല്ല. അഭിപ്രായങ്ങളും നിർദേശങ്ങളും ആക്ഷേപങ്ങളും നൽകാൻ അവസാന തീയതി കുറഞ്ഞത് 60 ദിവസത്തേക്ക് എങ്കിലും നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈബി ഈഡൻ എം പി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്തയച്ചു.