ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാനമായ മിസ്റ്റർ വേൾഡ്2019 ചിത്തരേഷ് നടേശന്‌ ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതിയിലൂടെ വീടൊരുങ്ങുന്നു. നടൻ കുഞ്ചാക്കോ ബോബനാണ്‌ വീട് സ്പോൺസർ ചെയ്യുന്നത്.ശിലാസ്ഥാപന കർമ്മം എം.പി നിർവ്വഹിച്ചു. നാടിന്റെ അഭിമാനമായ ചിത്തരേഷിന്‌ നല്കുന്ന ചെറിയ സമ്മാനമാണ്‌ ഈ വീടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.രാജ്യത്തിന്റെ അഭിമാനമുയർത്തിയ ചിത്തരേഷിന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ശരീരം കാത്തു സംരക്ഷിക്കുന്നതിനാവശ്യമായ ഭക്ഷണം കണ്ടെത്തുന്നതിന്‌ പോലും ചിത്തരേഷ് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.നാട്ടുകാരുടെയും കൂട്ടുകാരുടെയും സർവ്വ പിന്തുണയും ചിത്തരേഷിനുണ്ടായിരുന്നു. പല ഘട്ടങ്ങളിലും ഹൈബി ഈഡൻ എം.പി സഹായ ഹസ്തവുമായി എത്തിയിരുന്നു.

നേട്ടങ്ങളുടെ ആഘോഷാരവങ്ങൾക്കിടയിലാണ്‌ ചിത്തരേഷിന്റെ വീടിന്റെ ദയനീയ അവസ്ഥ ഹൈബി ഈഡൻ എം.പി അറിയുന്നത്.അതിനെ തുടർന്നാണ്‌ അദ്ദേഹത്തിന്റെ തണൽ ഭവന ഭവന പദ്ധതിയിലെ 47-​‍ാമത്തെ വീടായി ചിത്തരേശിന്റെ വീട്നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റ് ഇട്ട  ഇടിഞ്ഞു വീഴാറായ വീട്ടിലാണ്‌ ചിത്തരേഷും അച്ചൻ നടേശനും അമ്മ നിർമ്മലയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ചിത്തരേശിന്റെ ഭാര്യ ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ നാസിബയും ചടങ്ങിനെത്തിയിരുന്നു.

ഡൽഹിയിൽ സ്വകാര്യ ജിമ്മിൽ ട്രയിനറായ ചിത്തരേഷ് നാട്ടിലെത്തുമ്പോൾ താമസിക്കുന്നത് ഈ കൊച്ചു വീട്ടിലായിരുന്നു.നാല്‌ സെന്റ് സ്ഥലത്ത് ഒരു നല്ല വീട്ടിൽ അച്ചനെയും അമ്മയെയും താമസിപ്പിക്കുക എന്നചിരകാല സ്വപ്നമാണ്‌ ഇന്ന്പൂവണിയുന്നതെന്ന് ചിത്തരേഷ് നടേശൻ പറഞ്ഞു.വീട് നല്കാൻ മുൻകയ്യെടുത്തതിന് ഹൈബി ഈഡൻ എം.പിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

തണൽ ഭവന പദ്ധതിയിലെ ഏതെങ്കിലും വീടിന്റെ തറക്കല്ലിടാനോ താക്കോൽദാനത്തിനോ ആയാണ്‌ സുഹൃത്ത് കൂടിയായ കുഞ്ചാക്കോ ബോബനെ സമീപിച്ചതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.പദ്ധതിയുടെ വിശദാംശങ്ങൾ കേട്ട് ഒരു വീട് സ്പോൺസർ ചെയ്യുന്നതിനുള്ള തീരുമാനം കുഞ്ചാക്കോ ബോബൻ തന്നെ അറിയിക്കുകയായിരുന്നെന്നും എം.പി പറഞ്ഞു. ഷൂട്ടിങ് തിരക്കിലായതിനാൽ കല്ലിടൽ ചടങ്ങിന്‌ കുഞ്ചാക്കോ ബോബനെത്തില്ല. താക്കോൽദാനം അദ്ദേഹം നിർവ്വഹിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. 60 ദിവസത്തിനുള്ളിൽ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും എം.പി പറഞ്ഞു. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ ജോർജ്, ലെസ്ലി സ്റ്റീഫൻ, സിജോ ജോസഫ്തുടങ്ങിയവർ സംബന്ധിച്ചു.