മുപ്പതിനായിരം കോടിയിലേറെവരുന്ന രാജ്യത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് പച്ചക്കൊടികാണിക്കുന്ന ബഹു. ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണ്; നീതിനിഷേധവുമാണ് എന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

എയര്‍പോര്‍ട്ട് അതോറിറ്റി നിയമത്തിലെ വ്യവസ്ഥകളും ഡല്‍ഹി വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുകവഴി രാഷ്ട്രത്തിനുവന്ന വന്‍നഷ്ടം ചൂണ്ടിക്കാണിക്കുന്ന സി.എ.ജി. റിപ്പോര്‍ട്ടും സ്വകാര്യവല്‍ക്കരണത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടുകളും എയര്‍പ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനും മറ്റ് ബന്ധപ്പെട്ട ചില ഹരജിക്കാരും ബഹു. ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളതാണ്. തികച്ചും ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം എയര്‍പ്പോര്‍ട്ട് അതോറിറ്റിയില്‍ത്തന്നെ നിലനിര്‍ത്തേണ്ട ആവശ്യകതയും ബഹു.ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള അദാനി ഗ്രൂപ്പിന്റെ അയോഗ്യതയും യൂണിയന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടുത്തിയതായിട്ടാണ് അറിയുന്നത്.

തന്ത്രപ്രധാനമായതും എയര്‍ഫോഴ്‌സ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടിവരുന്നതുമായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യസുരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കുന്നകാര്യവും ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്.

എന്നാല്‍ എയര്‍പ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനും മറ്റു ബന്ധപ്പെട്ടവരും ഉന്നയിച്ച മര്‍മ്മപ്രധാനമായ ഇത്തരം വസ്തുതകളൊക്കെ വേണ്ടപോലെ പരിഗണിക്കാതെയാണ് ബഹു. ഹൈക്കോടതി വിധി വന്നിട്ടുള്ളത്.

രാജ്യതാല്‍പര്യത്തിനും സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കും നിരക്കുന്നതല്ല ഈ വിധി. രാജ്യത്തിന്റെ പൊതുസമ്പത്ത് സ്വകാര്യഗ്രൂപ്പിന്റെ കൈകളിലേയ്‌ക്കെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടി തിരുത്തപ്പെടുമെന്ന പ്രതീക്ഷക്കാണ് ഈ വിധി ആഘാതമേല്‍പ്പിച്ചിട്ടുള്ളത്.

ചെന്നൈ, കല്‍ക്കത്ത വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അപ്പാടെ എതിര്‍ത്ത് പരാജയപ്പെടുത്തിയ തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പാതയിലൂടെ കേരളസര്‍ക്കാരും പോയിരുന്നെങ്കില്‍ നമ്മുടെ പൊതു സമ്പത്തായ തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന്റെ കൈപ്പിടിയിലേയ്ക്ക് പോകുന്ന ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു എന്നും സുധീരൻ അഭിപ്രായപ്പെട്ടു.