ഒരിടവേളയ്ക്കു ശേഷം കോൺഗ്രസ്സിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മറനീക്കി പുറത്തു വരുന്നു .കെ മുരളീധരനും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വിഷയങ്ങളിലുള്ള നിലപാട് കൊണ്ട് മാത്രമല്ല .
ജമാ അത്തെ ഇസ്ലാമിയയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി യു ഡി എഫ് സഹകരിക്കാനുള്ള തീരുമാനത്തെ കെ മുരളീധരൻ അനുകൂലിക്കുന്നുണ്ട് .എന്നാൽ ഈ വിഷയത്തിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ എതിർക്കുന്നു .രമേശും മുല്ലപ്പള്ളിയും എതിർത്തതോടെ യു ഡി എഫ് കൺവീനർ ഹസ്സനും വെൽഫെയറുമായുള്ള ബന്ധത്തെ തള്ളിപ്പറഞ്ഞു .
കുറച്ചു കാലമായി മുരളിയും മുല്ലപ്പള്ളിയും രണ്ടു തട്ടിലായിട്ട്.പാർട്ടി പുനഃസംഘടനയിൽ കൂടിയാലോചനകളിലും മറ്റും പങ്കെടുപ്പിച്ചില്ലെന്ന് പരാതിപ്പെട്ട മുരളി പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു .കെ പി സി സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജി വച്ച മുരളി യു ഡി എഫ് കാൺവീനറാകാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞു .എന്നാൽ ഉമ്മൻ ചാണ്ടിയും രമേശും മുല്ലപ്പള്ളി രാമചന്ദ്രനും കൂടി എം എം ഹസ്സനെ കൺവീനറാക്കിയതോടെ മുരളി കൂടുതൽ അസ്വസ്ഥനായി .
ജോസ് കെ മാണി യു ഡി എഫ് മുന്നണി വിട്ട സംഭവത്തിൽ കെ മുരളീധരന്റെ പരസ്യ പ്രതികരണം ശരിയായില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു .എന്നാൽ പ്രസ്തുത വിഷയത്തിൽ രാഷ്ട്രീയ കാര്യ സമിതി കൂടാതിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതികരണം നടത്തിയതെന്നാണ് മുരളീധരൻ പറയുന്നത് .