കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിൽ പ്രതിഷേധിച്ചു ബിജെപി ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. മുൻ കൗൺസിലർ വി ഗിരിയുടെ ഭാര്യയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഇത് സ്ഥാനാർത്ഥി നിർണയ വേളയിൽ തന്നെ പാർട്ടിയിൽ അപസ്വരങ്ങൾക്ക് കാരണമായിരുന്നു. ബിജെപി – ആർഎസ്എസ് നേതാക്കളായ എൻ രാമൻകുട്ടി നായർ, ബി ജയചന്ദ്രൻ നായർ (രജയൻ), എച്ച് ഹരികുമാർ (മണ്ണറ ഹരി) എന്നിവരെ പുറത്താക്കിയതായി അറിയിച്ചു കൊണ്ട് ഏരിയ കമ്മിറ്റി പ്രസിഡന്റ് കൂടിയായ മുൻ കൗൺസിലർ വി ഗിരിയുടെ ഒപ്പോടു കൂടിയ നോട്ടീസ് ബിജെപി ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് സജിത്ത് ചിച്ചു ആണ് ഫേസ്ബുക് പോസ്റ്റിട്ടത്.
ഇത് സാമൂഹിക മാധ്യമങ്ങളിലും പ്രവർത്തകർക്കിടയിലും വലിയ ചർച്ചയും എതിർപ്പും ഉണ്ടായതോടെ സജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്‌തു. ശിക്ഷ നടപടി നേരിട്ട രാമൻകുട്ടി നായർ കമലേശ്വരം എൻഎസ്എസ് കരയോഗം സെക്രട്ടറിയും ജയചന്ദ്രൻ നായർ വൈസ് പ്രസിഡന്റും ഹരികുമാർ മുൻ ഭരണസമിതി അംഗവുമാണ്.