കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്തുകേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. 
ഈ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു. പുതിയ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ സിനിമാനടന്‍ ദിലീപിനെതിരേ പുനരന്വേഷണം നടക്കുന്നതുപോലെ സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം അനിവാര്യമാണ്. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലിലാണ് സ്വര്‍ണക്കടത്തു കേസ് ഒത്തുതീര്‍പ്പാക്കിയത്. അരക്കിട്ടുറപ്പിച്ച ബിജെപി- സിപിഎം ബന്ധമാണ് ഒത്തുതീര്‍പ്പിനു വഴിയൊരുക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍  മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു. 

മുഖ്യമന്ത്രിയിലേക്ക് സംശയം നീളാനുള്ള നിരവധി സംഭവങ്ങളാണ് സ്വപ്ന പുതുതായി വെളിപ്പെടുത്തിയത്.  ജയിലെ ശബ്ദരേഖയിലെ ഗൂഢാലോചന,  സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍  ജോലി,  അവരുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി,സ്വര്‍ണ്ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേരളം വിടാന്‍ മുഖ്യപ്രതികളെ സഹായിച്ചത്,സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടത്, നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍ എന്നിവയ്ക്കു പുറമെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തതുമെല്ലാം മുഖ്യമന്ത്രിയിയുടെ പങ്കിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്.  ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഉപകരണം മാത്രമായിരുന്നു. എന്നാല്‍ ഒരു പെറ്റിക്കേസു പോലും മുഖ്യമന്ത്രിക്കെതിരേ ഉണ്ടായിട്ടില്ല. 

അശ്വസ്ഥാമാവ് വെറും ഒരാന എന്ന പുസ്തകത്തിലൂടെ തന്നെയും സര്‍ക്കാരിനെയും വെള്ളപൂശുകയാണ് ശിവശങ്കര്‍ ചെയ്തത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എഴുതപ്പെട്ട പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിനെതിരേ കണ്ണടച്ചതുകൊണ്ട്  പുസ്തകവും  തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കാം. ശിവശങ്കറിനെതിരായ അന്വേഷണം വഴിമുട്ടിയതും ബോധപൂര്‍വം തെളിവ് കണ്ടെത്താതിരുന്നതും  അദ്ദേഹം സര്‍വീസില്‍ തുടര്‍ന്ന് പ്രവേശിച്ചതുമെല്ലാം വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. 
ഐഎഎസ് ഉദ്യോഗസ്ഥന് ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരാണ് രാഷ്ട്രീയ പിന്‍ബലം നല്‍കുന്നത്?  പുസ്തകമെഴുതിയതിന്റെ പേരില്‍ രാജു നാരായണ സ്വാമി ഐഎഎസിനും   ജേക്കബ് തോമസ് ഐപിഎസിനും എതിരേ  നടപടി സ്വീകരിച്ചവരാണ്  ശിവശങ്കറിന് സംരക്ഷണവലയം തീര്‍ക്കുന്നത്. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് കേരള ജനതയ്ക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.