നേരത്തെ പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തുല്യമായി ഉമ്മൻചാണ്ടിക്കും രമേശിനും പകുത്തുനൽകുന്ന ഫോർമുല ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായില്ലെങ്കിൽ പോലും കേരളത്തിലെ കോൺഗ്രസ്സുകാരുടെ മാനം കെടുത്തി .മറുവശത്തു പിണറായി വിജയൻ എന്ന ഒരു നേതാവിനെ മാത്രം ഇടതുപക്ഷം ഉയർത്തിക്കാണിക്കുമ്പോളാണിത് എന്ന് മറക്കരുത് .
ഇപ്പോൾ കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് അപഹാസ്യമായ പുതിയ ഫോർമുല ഉരുത്തിരിഞ്ഞിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു .എന്നാൽ അവിടെ വിജയിക്കും എന്ന ഉറപ്പ് അദ്ദേഹത്തിനില്ല. ഗ്രൂപ്പുകൾക്കെതിരെ പരസ്യ നിലപാടെടുത്തതിനാൽ ഗ്രൂപ്പുകൾ അദ്ദേഹത്തെ വാരും എന്നാണ് പേടി .
പാർട്ടി അദ്ധ്യക്ഷനാകാൻ തയ്യാറായി കെ സുധാകരൻ നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി .കണ്ണൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സതീശൻ പാച്ചേനിയെ അനുനയിപ്പിക്കാനും എങ്ങനെയും ഒതുക്കി സീറ്റ് മുല്ലപ്പള്ളിക്ക് കൊടുക്കാനും സുധാകരൻ രംഗത്തുണ്ട് .മുല്ലപ്പള്ളി രാമചന്ദ്രന് കെ പി സി സി അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചിട്ട് മത്സരിക്കാൻ താല്പര്യമില്ല .പാർട്ടി അദ്ധ്യക്ഷനായിരുന്നുകൊണ്ടു മത്സരിക്കാം വിജയിക്കുകയാണെങ്കിൽ മാത്രം അദ്ധ്യക്ഷ സ്ഥാനം ഒഴിയാം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട് .അതോടെ മുല്ലപ്പള്ളിയെ ജയിപ്പിക്കേണ്ടത് സുധാകരന്റെ ആവശ്യമായും മാറിയിട്ടുണ്ട് . വിജയിക്കുകയും കോൺഗ്രസ് കേരളത്തിൽ അധികാരത്തിലെത്തിയാൽ നല്ലൊരു വകുപ്പ് കിട്ടും എന്ന് സീനിയറും മുൻ ആഭ്യന്തര സഹമന്ത്രിയും ആയിരുന്നതിനാൽ മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പാക്കാം .
അദ്ധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ മത്സരിക്കാനുള്ള അനുമതി നേരത്തെ തന്നെ എ ഐ സി സി മുല്ലപ്പള്ളിക്ക് നൽകിയിട്ടുണ്ട് . നാളെയോടുകൂടി ഫോർമുലയെ സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകും എന്നാണ് ലഭ്യമാകുന്ന സൂചനകൾ .