ഭോപ്പാൽ : കമൽനാഥ് സർക്കാരിനെ ആശങ്ക വിട്ടൊഴിയുന്നില്ല . ഭരണം മറിച്ചിടാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ വല്ലവിധേനയും കൈകാര്യം ചെയ്ത ശേഷം ഒന്ന് ശ്വാസം വിട്ടതേയുള്ളു കമൽനാഥ് .അപ്പോഴേക്കും പാളയത്തിനുള്ളിൽ ജ്യോതിരാദിത്യ വിമതനീക്കം ആരംഭിച്ചു .സിന്ധ്യയെ പിന്തുണയ്ക്കുന്ന പതിനേഴോളം നിയമസഭാ സാമാജികരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് . മന്ത്രിമാരുൾപ്പെടെയുള്ള ജ്യോതിരാദിത്യ അനുകൂലികൾ രണ്ടുംകല്പിച്ചാണ് .രണ്ടു ലക്ഷ്യങ്ങളാണ് സിന്ധ്യക്കുള്ളത് .ഒന്ന് പാർട്ടിയിലും ഭരണത്തിലും തന്റെ നേതൃത്വം അംഗീകരിക്കുന്ന കൂടുതൽ ആളുകൾക്ക് സ്ഥാനമുറപ്പിക്കുക . രണ്ടാമത്തേത് വരാനിരിക്കുന്ന രാജ്യസഭാ സീറ്റ് തനിക്കു തന്നെ എന്നുറപ്പാക്കുക .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗുണ നിയോജകമണ്ഡലത്തിൽ നിന്നും പരാജയപ്പെട്ട സിന്ധ്യയുടെ രാഷ്ട്രീയ ഭാവി കഴിഞ്ഞ കുറച്ചു നാളുകളായി ശോഭനമല്ല .കോൺഗ്രസ് ഹൈകമാൻഡ് നിലപാടിന് വിരുദ്ധമായി കാശ്മീർ വിഷയത്തിൽ നിലപാടെടുത്തത് സിന്ധ്യയുടെ മനസ്സിലെ അതൃപ്തി വെളിവാക്കുന്നതായിരുന്നു .നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ . കൂടെ നിൽക്കുന്നവർക്ക് സ്ഥാനങ്ങൾ ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും കാര്യം രാജ്യസഭാ സീറ്റാണ് .മധ്യപ്രദേശിൽ കോൺഗ്രസ് ഗ്രൂപ്പ് നേതാക്കളിൽ ഏറ്റവും കരുത്തൻ ദിഗ് വിജയ് സിങ്ങാണ് .അദ്ദേഹം കമൽനാഥിനൊപ്പമാണ് എന്നുള്ളതാണ് സിന്ധ്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം .