പാലാ നിയമസഭാ സീറ്റ് എൽ ഡി എഫ് മാണി സി കാപ്പന് നൽകില്ല എന്ന സൂചന വന്നതോടെ കേരളത്തിൽ എൻ സി പി പിളരും എന്നത് ഉറപ്പായി .
പാലാ സീറ്റ് എൻ സി പിക്ക് നൽകാനാകില്ല എന്ന് എൻ സി പി നേതാവ് പ്രഫുൽ പട്ടേലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ അറിയിച്ചു . അങ്ങനെയെങ്കിൽ എൽ ഡി എഫ് വിടാം എന്ന നിലപാട് മാണി സി കാപ്പൻ സ്വീകരിച്ചു .ജയിച്ച ആൾ തോറ്റ ആളിന് വേണ്ടി മാറിക്കൊടുക്കണം എന്നത് എന്ത് ന്യായം എന്ന പരിഹാസവും കാപ്പൻ ഇടതുപക്ഷ നേതൃത്വത്തിനെതിരെ ഉയർത്തി .
എൽ ഡി എഫ് വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല എന്ന് മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങൾക്കു മുൻപിൽ വിശദീകരിച്ചു .
ജോസ് കെ മാണി എൽ ഡി എഫിലേക്കെത്തിയതോടെ ആണ് പാലാ സീറ്റിന്റെ കാര്യത്തിൽ അവകാശവാദം ഉയർന്നത് .കെ എം മാണിയുടെ കുത്തക സീറ്റ് , അതിന്മേലുള്ള വൈകാരിക ബന്ധം എന്ന വാദം തുടക്കം മുതൽക്കേ ജോസ് വിഭാഗം ഉന്നയിച്ചിരുന്നു .എൽ ഡി എഫ് നേതൃത്വമാകട്ടെ വിഷയത്തിൽ മൗനം പാലിച്ചുകൊണ്ട് കഴിയുന്നത്ര നീട്ടിക്കൊണ്ടുപോയി .ഇപ്പോൾ വിഷയത്തിൽ തീരുമാനമായി . ഇതോടെ പാലാ സീറ്റിൽ മാണി സി കാപ്പൻ -ജോസ് കെ മാണി നേർക്കുനേർ പോരാട്ടം ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ് .
കാപ്പൻ യു ഡി എഫിലേക്ക്, എൽ ഡി എഫ് വിടേണ്ട സാഹചര്യം ഇല്ലെന്നു ശശീന്ദ്രൻ .
മാന്യമായൊരു ഒത്തുതീർപ്പു വ്യവസ്ഥപോലും മുന്നോട്ടു വയ്ക്കാതെ കുട്ടനാട്ടു സീറ്റിൽ മത്സരിച്ചോളാൻ പറഞ്ഞിരിക്കുകയാണ് എൽ ഡി എഫ്.എന്നാൽ കുട്ടനാട് സീറ്റ് ആരുടേയും ഔദാര്യമല്ല തങ്ങൾക്കു അവകാശപ്പെട്ട സ്വന്തം സീറ്റ് ആണെന്ന് എൻ സി പിയും തിരിച്ചടിച്ചു .