എന്ത് കാണുന്നു എന്നതിലല്ല എന്ത് ചിന്തിക്കുന്നു എന്നതിലാണ് ഓരോ ജീവന്‍റെയും ജീവിതാനുഭവങ്ങള്‍ക്ക് വ്യത്യാസം. ഈ വ്യത്യാസം വസ്തുനിഷ്ഠമല്ല വ്യക്തിനിഷ്ഠമാണെന്ന് സാരം! ജീവന്മാരെ സംബന്ധിച്ച് ഇടയിലെ വ്യത്യാസം ഇത്രയേയുള്ളൂ. ആയതിനാല്‍ സ്വന്തം ചിന്തകളെ സ്വാധീനിക്കുന്ന ഘടകം എന്താണെന്നറിയേണ്ടതുണ്ട്. അത് കര്‍മ്മബന്ധം ആണ്! ഏതൊന്നിനോടും നമുക്കുള്ള ബന്ധം ഇഷ്ടാനിഷ്ടങ്ങളാണ്. അതിനു കാരണമാകട്ടെ പൂര്‍വ്വാനുഭവങ്ങളും. ഒരിക്കല്‍ ഇഷ്ടമല്ലാതിരുന്ന ഒന്ന് ഇപ്പോള്‍ ഇഷ്ടമായതും, തിരിച്ച് ഒരിക്കല്‍ ഇഷ്ടമായിരുന്ന ഒന്ന് ഇപ്പോള്‍ ഇഷ്ടമല്ലാതായതും സുഖദുഃഖാനുഭവങ്ങളിലൂടെ ഉണ്ടാകുന്ന വാസനകൊണ്ടു സംഭവിക്കുന്നതാണ്. ഇങ്ങനെ മാറിമറിയുന്ന ജീവിതാനുഭവങ്ങള്‍ക്ക് അനുസരിച്ച് ജീവന് ഇഷ്ടാനിഷ്ടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇതിങ്ങനെ തുടര്‍ന്നുപോകുമ്പോള്‍ തത്ത്വം എന്താണെന്നെങ്ങനെ വെളിപ്പെടും? ഇഷ്ടാനിഷ്ടങ്ങളിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന നമുക്ക് എങ്ങനെയാണ് ചലനരഹിതമായ സത്യത്തില്‍ എത്തിച്ചേരാനാകുക! സ്ഥായിയായ സുഖം വേണമെങ്കില്‍ സ്ഥായിയായ ഒന്നില്‍ എത്തണമല്ലോ? ശരീരവും കര്‍മ്മഫലങ്ങളും സ്ഥായി അല്ലെന്നിരിക്കെ അവകൊണ്ടതു സാധിക്കുമോ?

സുഖമായും ദുഃഖമായും ജനനമായും മരണമായും മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നത് പുറത്തല്ല തന്നില്‍തന്നെയാണ്. ചഞ്ചലമായ അറിവാണല്ലോ ദുഃഖകാരണം. അതനുഭവപ്പെടുന്നത് അന്തരംഗവും ബഹിരംഗവും ആയിരിക്കുന്ന ശരീരബോധത്തിലാണ്. ശരീരംകൊണ്ട് നേടുന്നതൊന്നും സ്ഥിരമായ സുഖം നല്‍കില്ല. സ്വര്‍ഗ്ഗ നരകങ്ങളെന്നും സുഖദുഃഖങ്ങളെന്നും പുണ്യപാപങ്ങളെന്നും ഉള്ളവയെല്ലാം ഉണ്ടായിമാറുന്ന അറിവിന്‍റെ അനുഭവതലങ്ങളാണ്. അവ ശരീരംകൊണ്ടും കര്‍മ്മം കൊണ്ടും ഉണ്ടാകുന്നതാണ്. ഉണ്ടാകുന്നു എന്നുള്ളതിനാല്‍ തന്നെ അതെല്ലാം നശിക്കുകയും ചെയ്യും എന്ന് നിശ്ചയമാണ്. ഉണ്ടാകുന്നു എന്നു പറയുമ്പോള്‍ തന്നെ അത് മറ്റൊന്നില്‍ നിന്നാണ് ഉണ്ടായത് എന്ന് വരുന്നുവല്ലോ? അതിനാല്‍ കര്‍മ്മം കൊണ്ടുണ്ടാകുന്നതെല്ലാം എവിടെ നിന്നുണ്ടാകുന്നു? എവിടെ നിലനില്‍ക്കുന്നു? എവിടെ മറയുന്നു? എന്നറിയണം. അത് തന്നില്‍ത്തന്നെയാണെന്നിരിക്കെ അവിടെയാണല്ലോ ആധാരം! അതാണല്ലോ അന്തിമസത്യം! ചലനരഹിതമായ കേന്ദ്രം ആത്മാവാണല്ലോ! കര്‍മ്മം കൊണ്ടുണ്ടാകുന്ന സ്വര്‍ഗ്ഗമാകട്ടെ നരകമാകട്ടെ സുഖദുഃഖങ്ങള്‍ ആകട്ടെ അതൊന്നും സ്ഥിരതയുള്ളതല്ല എന്നതിനാല്‍ അതൊന്നും ആത്യന്തിക സത്യം ആകുന്നില്ല! ശരീരംകൊണ്ട് ജനനമരണങ്ങളാകുന്ന ചഞ്ചലദൃശ്യങ്ങളെ സൃഷ്ടിക്കാമെന്നല്ലാതെ അഖണ്ഡചൈതന്യത്തെ അറിയുവാന്‍ ആകില്ല!!! ശരീരത്തിനും പുണ്യപാപങ്ങള്‍ക്കും സ്വര്‍ഗനരകങ്ങള്‍ക്കും അതീതമാണ് സത്യം! ആദ്യം നാം കര്‍മ്മജന്യമായ ഇഷ്ടാനിഷ്ടങ്ങളെ വിട്ടൊഴിഞ്ഞ് സ്ഥിരത തേടി തത്ത്വനിഷ്ഠരാകേണ്ടതുണ്ട്.

”ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സിൽ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ.” (ജനനീനവരത്നമഞ്ജരി-ഗുരു)
ഓം

കൃഷ്ണ കുമാർ കെ പി