കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഉടനെ രാജി വച്ച് ജോസഫ് പക്ഷത്തിനു കൈമാറണമെന്ന് യു ഡി എഫ് തീരുമാനമുണ്ടായതിനു തൊട്ടു പിന്നാലെ യു ഡി എഫുമായി അഭിപ്രായവ്യത്യാസമുള്ളവർ വന്നാൽ സ്വീകരിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വ്യക്തമാക്കി .
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജി വയ്ക്കുകയും തുടർന്ന് യു ഡി എഫ് മുന്നണിയിൽ ഇരു വിഭാഗവും തുടരുകയും ചെയ്യണം എന്നതാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് . എന്നാൽ രാജി വയ്ക്കില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ജോസ് കെ മാണി .ഇനി കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വന്നാൽ എൽ ഡി എഫ് ജോസ് വിഭാഗത്തെ പിന്തുണയ്ക്കുമെന്ന് തീർച്ചയാണ് .
കരാർ പ്രകാരമുള്ള ധാരണ പാലിച്ചു രാജി വച്ച് പി ജെ ജോസഫ് വിഭാഗത്തിന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം കൈമാറണമെന്ന തീരുമാനം അംഗീകരിക്കാതെ യു ഡി എഫിൽ തുടരാൻ ജോസ് വിഭാഗത്തിന് കഴിയില്ല എന്നതാണ് നിലവിലെ സാഹചര്യം .കോൺഗ്രസ് നേതാക്കളുമായി കൂടുതൽ അടുപ്പം പുലർത്തുന്നത് പി ജെ ജോസഫാണ് .