തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റം കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഉമ്മൻചാണ്ടി തന്നെ ഇറങ്ങിയിരിക്കുന്നു .
ഇരു വിഭാഗങ്ങളുമായി അദ്ദേഹം തിരുവനന്തപുരത്തു വച്ച് ചർച്ച നടത്തും.നാളെയോടെ പ്രശ്നപരിഹാരമുണ്ടാകും എന്നാണു കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പി ജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങൾ മയപ്പെടുന്നമട്ടുമില്ല .വാദഗതികൾ ആവർത്തിച്ചാവർത്തിച്ചു ഇരുവിഭാഗങ്ങളും പിൻവാങ്ങൽ സാധ്യമല്ലാതാക്കിയിട്ടുണ്ട് .
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഉടനെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളാ കോൺഗ്രസിലെ രണ്ടുവിഭാഗങ്ങളെയും യു ഡി എഫ് മുന്നണിയിൽ നിലനിർത്തുന്നതിന് വേണ്ടി സകല വഴികളും നോക്കുകയാണ് നേതാക്കൾ .
അധികാരക്കൈമാറ്റം സംബന്ധിച്ച് ഉടമ്പടിയുണ്ടെന്നു പി ജെ ജോസഫ് പറയുന്നത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ട്.ജില്ലാ കോൺഗ്രസ് നേതൃത്വവും പി ജെ ജോസഫ് വിഭാഗത്തിനൊപ്പമാണ് .
കേരളത്തിൽ കൂടുതൽ സജീവമാകുകയാണ് ഉമ്മൻചാണ്ടി .ഘടകക്ഷികളിൽ ഉമ്മൻചാണ്ടിക്കുള്ള സ്വീകാര്യത പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം .