പുണ്യ പുസ്തകമായ ബൈബിളിലെ ഒരു വരിയാണ് “Blessed are the peacekeepers, for they shall be called the children of God.” -Matthew 5:9. തികച്ചും ശരിയാണ്.
രാവും പകലും എന്നില്ലാതെ നമുക്കും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷക്ക് വേണ്ടി നിലനിൽക്കുന്ന ഒരു വിഭാഗം സമൂഹത്തിൽ ഉണ്ട് അതാണ് പോലീസ്. ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന ഒരു വിഭാഗം.കുഞ്ഞുന്നാൾ മുതൽ നമ്മൾ കാണുന്ന സിനിമകളിൽ നായകന്റെ അഭ്യാസമുറകൾ കഴിഞ്ഞു അവസാന സീനിൽ എത്തുന്ന പാവം പോലീസ്. അല്ലെങ്കിൽ അതിസാഹസികനായ നായകന്റെ വാക്ചാതുര്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന പോലീസ്. നായക കഥാപാത്രങ്ങളേക്കാൾ വില്ലൻ കഥാപാത്രങ്ങളിൽ കൂടുതൽ പ്രതിഫലിച്ചിട്ടുള്ള ഒരു പാവം വിഭാഗം. ട്രോളുകളിലും, കാർട്ടൂണുകളിലും കുറച്ചൊന്നുമല്ല നമ്മൾ ഇവരെ കളിയാക്കിയിട്ടുള്ളത്.ഒറ്റപ്പെട്ട ചില വീഴ്ചകൾ ഉണ്ടാകുമ്പോൾ നിശിതമായ വിമർശനങ്ങളാണ് എന്നും പോലീസ് വകുപ്പ് നേരിടുന്നത് .
2018ലെ പ്രളയം നമുക്കെല്ലാവർക്കും ഇന്നും വേദനിപ്പിക്കുന്ന ഒരു ഓർമയാണ്. അന്ന് 26,000 ത്തോളം വിവിധ റാങ്കുകളിൽ ഉള്ള പോലീസുകാർ ചേർന്നു രക്ഷിച്ചത് 53,000 ത്തിനു മേൽ വരുന്ന പൗരന്മാരെയാണ്. അന്ന് കേരള പോലീസിലെ 4 ഡിജിപി , 5 ഐജി,2 ഡി ഐ ജി ,22 എസ് പി, 68 ഡി എസ് പി,146 സി ഐ, 865 എസ് ഐ,1478 എ എസ് ഐ,6547 സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ, 12,760 സിവിൽ പോലീസ് ഉദ്യോഗസ്ഥർ,160 വനിതാ പോലീസ് ബറ്റാലിയൻ അംഗങ്ങൾ ,80 കമാണ്ടോസ്, 50 തണ്ടർബോൾട് അംഗങ്ങൾ, 4,300 ആർമഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ,865 കോസറ്റൽ പോലീസ് അംഗങ്ങൾ,മറ്റനേകം സപ്പോർട്ടിങ് സ്റ്റാഫ് എന്നിവരാണ് ഓപ്പറേഷൻ ജൽ രക്ഷാ എന്ന രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്. അവരുടെ ജീവനെക്കാൾ കൂടുതൽ പ്രാധാന്യം പൗരന്മാർക്കു നൽകിയാണ് അവർ ഈ രക്ഷാ പ്രവർത്തനം നടത്തിയത്. 2019ലും ഇത് തന്നെ ആണ് ആവർത്തിച്ചത്. ഒരു മടിയും ഭയവും ഇല്ലാതെ ഇവർ ഓപ്പറേഷൻ ജൽ രക്ഷാ 2 നിർവഹിച്ചു.
യുദ്ധ സമാനമായ അന്തരീക്ഷം ആണ് കോവിഡ് മഹാമാരിയുടെ സമയത്തു ഉടലെടുത്തത്. അതിപ്പോഴും നിലനിൽക്കുന്നു. 2020ലും 2021ലും കേരള പോലീസ് നടത്തിയ കോവിഡ് കണ്ടൈൻമെന്റ് പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. ആരോഗ്യ പ്രവർത്തകർക്കൊപ്പം കേരള പോലീസ് നടത്തിയ കൺടെയിൻമെന്റ് പ്രവർത്തനങ്ങൾ ആണ് കോവിഡ് മഹാമാരിയെ ഒരുപരിധിവരെ ചെറുത്തു നിൽക്കാൻ നമ്മുടെ നാടിനെ സഹായിച്ചത്.വെറും ഒരു മാസ്കും ധരിച്ച് ലോക്കഡോൺ സമയത്തു പൊരിവെയിലത്തും മഴയത്തും ഒരു മടിയും കാണിക്കാതെ, സ്വന്തം ജീവനെയും ആരോഗ്യത്തെയും കുറിച്ച് പോലും വകവയ്ക്കാതെ പൊതു ജനങ്ങൾ സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തുകയാണ് ഇവർ. നിരവധി പോലീസുകാർ ഇതിനിടയിൽ കോവിഡ് രോഗ ബാധിതരാവുകയും മരണപ്പെടുകയും ചെയ്യ്തു. നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ കാത്ത്, നമ്മളെ സംരക്ഷിക്കുന്ന വീര ജവാൻമാർ വെടിയേറ്റു വീഴുമ്പോൾ രാജ്യം ബഹുമതികൾ നൽകി അവരെ ആദരിക്കാറുണ്ട്. അതെ സമാനമായ സാഹചര്യം തന്നെ അല്ലെ നമ്മുടെ പോലീസുകാരും നേരിടുന്നത്?അവർക്കുമില്ലേ കുടുംബം? കുറ്റവാളികൾ നിറഞ്ഞ ഒരു സമൂഹത്തിൽ നമ്മുടെ കുടുംബത്തിലേ സ്ത്രീകളും കുട്ടികളും സുരക്ഷിതരായി സഞ്ചരിക്കുന്നതും പോലീസ് ഉണ്ട് എന്ന ധൈര്യത്തിൽ തന്നെ ആണ്.
എന്നാൽ ഇത്രയും അധികം നിസ്വാർത്ഥ സേവനം നടത്തുന്ന പോലീസുകാർക്ക്, അവർ അർഹിക്കുന്ന സ്നേഹാദരങ്ങൾ നമ്മൾ നൽകാറുണ്ടോ?കഴിഞ്ഞ ലോക്ക്ഡോൺ സമയത്തും ഈ ലോക്കഡോൺ സമയത്തും പോലീസുകാർ മർദ്ധിക്കപ്പെടുന്ന വാർത്തകൾ നമ്മൾ അറിഞ്ഞു . നമ്മൾ സുരക്ഷിതാരായി ഇരിക്കുവാനാണ് അവർ കർക്കശ നിലപാട് സ്വീകരിക്കുന്നത്. അത് നമ്മളോടുള്ള വൈരാഗ്യമോ ശത്രുതയോ കാരണമല്ല. പോലീസുകാർക്കും കുടുംബം ഉണ്ട്. അച്ഛൻ, അമ്മ, സഹോദരങ്ങൾ,ഭാര്യ,കുട്ടികൾ അവർക്കും ഉണ്ട്. പോലീസിനെ അസഭ്യം പറയുമ്പോഴും, വിമർശിക്കുമ്പോഴും, സമൂഹ മാധ്യമങ്ങളിൽ എഴുതുമ്പോഴും നമ്മൾ ഇത് ചിന്തിക്കാറില്ല. അത്തരത്തിൽ നമ്മൾ അതിരുവിട്ട് പ്രതികരിക്കുമ്പോൾ അത് അവരുടെ മനോവീര്യം തകർക്കുകയാണ് ചെയ്യുന്നത്.എത്ര കഷ്ടപ്പെട്ടാലും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കിയാലും അവഗണിക്കപ്പെടുന്ന ചില ഗൃഹനാഥന്മാരുടെ അവസ്ഥയാണ് നമ്മുടെ പാവം പോലീസുകാരുടെത്.
മാറണം, മാറ്റണം, പോലീസുകാരോടുള്ള നമ്മുടെ സമീപനം.നട്ടുച്ചയ്ക്ക് പൊരിവെയിലത്ത്, ലോക്കഡോൺ സമയത്തു നിൽക്കുന്ന പോലീസുകാരനെ ഇനി കാണുമ്പോൾ നമുക്ക് നന്ദിയോടെ നോക്കാം. അത് അവരുടെ കർത്തവ്യ നിർവ്വഹണത്തിൽ ഊർജ്ജം പകരും തീർച്ച.
സച്ചിൻ എ ജി
Regional Desk Editor