രാജ്യത്തിൻറെ സമ്പദ്ഘടനയിൽ കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഘാതത്തെ നേരിടാൻ കേന്ദ്ര സർക്കാർ എം.പിമാരുടെ ശമ്പളവും അലവൻസുകളും മുൻ എം.പിമാരുടെ പെൻഷനും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് കൊടിക്കുന്നിൽ സുരേഷ് എംപി .
എന്നാൽ എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്ക്(2020-21, 2021-22) നിർത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചത് ലോക്സഭ എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിലും രാജ്യസഭാ എംപിമാർക്ക് അവരുടെ സംസ്ഥാനങ്ങളിലും തുടർച്ചയായി നടത്തിവരുന്ന വികസനപ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നത് ആണെന്നും ഇക്കാര്യത്തിൽ സർക്കാർ അഭിപ്രായം തേടാതെ ഇരുന്നത് ശരിയായില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ പാവപ്പെട്ടവരുടെയും തൊഴിലാളികളുടേയും സാമ്പത്തികമായും സാമൂഹികമായും ഉള്ള സുരക്ഷയാണ് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് മുഖാന്തരം ഉള്ള പദ്ധതികളിലൂടെ നടപ്പാക്കുന്നത് , കൊറോണാ വ്യാപന പ്രതിരോധ പ്രവർത്തനങ്ങളും ഓരോ നിയോജക മണ്ഡലത്തിലെയും സവിശേഷ സാഹചര്യത്തിന് അനുസൃതമായ വികസന പദ്ധതികളും നടപ്പിലാക്കുന്നത് തടയുന്നത് ശരിയല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു . ഇത്ര നിർണായകമായ ഒരു തീരുമാനമെടുക്കുമ്പോൾ എന്തുകൊണ്ട് സർക്കാർ പ്രതിപക്ഷകക്ഷികളുമായി കൂടിയാലോചനയ്ക്ക് മുതിർന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു