സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മ്മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം.
മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കാത്തതാണ് മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. ഫാസിസ്റ്റ് ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. ആദ്യം പ്രലോഭനങ്ങള്‍ നല്‍കി കൂടെനിര്‍ത്താനും പിന്നീട് സമ്മര്‍ദം ചെലുത്തി വരുതിയിലാക്കാനും ഒടുവില്‍ കടന്നാക്രമണം നടത്തി മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുമാണ് മുഖ്യമന്ത്രിയുടെ ശ്രമം.
അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ ഓഫീസിന്റെ പങ്ക് ഓരോ ദിവസവും വ്യക്തമായി പുറത്ത് വന്നതോടെ മാധ്യമങ്ങളുടെ മുന്നില്‍ നിന്നും ഓടിയൊളിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ ഒളിപ്പോര് നടത്തുകയാണ്. സത്യം തേടിയുള്ള യാത്രയാണ് മാധ്യമദൗത്യം. കണ്ടെത്തിയ സത്യങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയെന്നതാണ് മാധ്യമധര്‍മ്മം. ഇത് മുഖ്യമന്ത്രി മനസ്സിലാക്കുന്നതാണ് ഉചിതം.
സ്വതന്ത്രവും നിര്‍ഭയവും നീതിപൂര്‍വവുമായി മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. തികഞ്ഞ ഫാസിസ്റ്റായ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. അസഹിഷ്ണുതയാണ് മുഖ്യമന്ത്രിയുടെ മുഖമുദ്ര. മാധ്യമപ്രവര്‍ത്തകരെ പരസ്യമായി പുലഭ്യം പറഞ്ഞ ഇതുപോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയ നുണപ്രചരണം ഇന്ത്യയിലെ ഒരു മാധ്യമവും നടത്തിയിട്ടില്ല. ഫാക്ട് ചെക്ക് സംവിധാനം നടപ്പിലാക്കേണ്ടത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കാണ്.