കൊടും വരള്‍ച്ചയില്‍ സംസ്ഥാനത്ത് 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം.
കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതിലൂടെ 257 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ 500 കോടിക്ക് മുകളിലായിരിക്കുമത്.
വിദഗ്ധസമിതി റിപ്പോർട്ട് ലഭ്യമായിട്ടും കർഷകർക്ക് അടിയന്തിര സഹായങ്ങൾ നൽകാതെ സര്‍ക്കാര്‍ റിപ്പോർട്ടിന്മേൽ അടയിരിക്കുകയാണ്.
ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ലക്ഷക്കണക്കിന് കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം അനുഭവിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കാർഷികനയം മൂലം നാൽപ്പത്തിമൂന്നിൽപ്പരം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
കര്‍ഷക പെന്ഷന് നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.