രണ്ടാം യു പി എ സർക്കാർ പരാജയപ്പെട്ടതാണ് ഒന്നാം മോഡി സർക്കാർ വിജയിക്കാൻ കാരണമായത് എന്ന രാജീവ് സത്വയുടെ ആരോപണം വലിയ വിവാദങ്ങൾക്കാണ് കോൺഗ്രസിൽ വഴി വച്ചത്‌.രാജ്യത്തെ കോൺഗ്രസിന്റെ രാജ്യസഭാ എം പിമാരുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വീഡിയോ കോൺഫെറെൻസിലാണ് നേതാക്കൾ ചേരിതിരിഞ്ഞു പരസ്പരം പഴിചാരിയത് .ആരോപണത്തിൽ മൻമോഹൻ സിങ് അതൃപ്തി രേഖപ്പെടുത്തി .
തലമുറകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമായാണ് പൊതുവെ കോൺഗ്രസിലെ പുതിയ തർക്കങ്ങൾ വിലയിരുത്തപ്പെടുന്നത് . എന്നാൽ രാഹുലിന്റെ നേതൃത്വ പരാജയത്തെ കുറിച്ച് ആക്ഷേപങ്ങളില്ല .പഴി ബോധപൂർവ്വം മൻമോഹൻ സിങിന്റെ തലയിൽ കെട്ടിവയ്ക്കാൻ തന്നെയായിരുന്നു ശ്രമം . രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും അഭിപ്രായങ്ങൾ ഉണ്ടായി .എല്ലാവരും അംഗീകരിക്കുന്ന വേറൊരു നേതാവിനെ കോൺഗ്രസിന് കണ്ടെത്താനാകില്ല എന്നതാണ് വീണ്ടും രാഹുലിനെ കൊണ്ട് വരണം എന്നവാദത്തിനു ബലം നൽകുന്നത് .സോണിയ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും രാഹുൽ വീണ്ടും നേതൃത്വം ഏറ്റെടുക്കണം എന്ന ആഗ്രഹം തന്നെയാണ് കോൺഗ്രസ് താൽക്കാലിക അദ്ധ്യക്ഷയ്ക്കും.
പരിമിതികൾ ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്തും പാർട്ടിക്ക് സജീവമാകാൻ കഴിഞ്ഞു എന്ന് സോണിയ അവകാശപ്പെട്ടു .
നേതാക്കൾ തമ്മിലുള്ള ഭിന്നതകൾ അഭിപ്രായപ്രകടനങ്ങളായി ഇപ്പോഴും പുറത്തുവരുന്നു .വാജ്‌പേയ് സർക്കാർ പരാജയപ്പെട്ടിട്ടും ബി ജെ പിക്കാർ ആരും വാജ്‌പേയ്‌ക്കെതിരെ കുറ്റപ്പെടുത്തലുകൾ നടത്തിയില്ല എന്നത് ഓർമിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഇന്ന് രംഗത്തെത്തി .