ഒരു വർഷം ഇനിയും ഉണ്ടെങ്കിലും നേതൃത്വ പ്രശനം ഇപ്പോഴേ  സജീവമാവുകയാണ് കേരളത്തിലെ കോൺഗ്രസിൽ. ഇന്നലെ കോൺഗ്രസിന്റെ സംഘടനകാര്യ ജനറൽ സെക്രട്ടറി  കെ സി വേണുഗോപാലാണ് കേരളത്തിലെ കോൺഗ്രസ്  നേതൃത്വം സംബന്ധിച്ച  ചർച്ച തുടങ്ങിവച്ചത് .ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലുള്ള താനും അഖിലേന്ത്യാ കോൺഗ്രസ് ഭാരവാഹിത്വമുള്ള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സജീവമായി കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ഉണ്ടാകും എന്ന് ഒരു ചോദ്യത്തിന് മറുപടിയായി വേണുഗോപാൽ പറഞ്ഞതോടെ വിഷയം വാർത്തയായി .കൂട്ടായ നേതൃത്വമായിരിക്കും കേരളത്തിൽ  കോൺഗ്രസിനെ നയിക്കുക എന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു .രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്ന നിലയിൽ കോൺഗ്രസിൽ കരുത്താനായിരിക്കുകയാണ് കെ സി വേണുഗോപാൽ .വേണുഗോപാലിന്റെ വിശ്വസ്തരിൽ ഏറെപേർക്കും ഇക്കുറി സ്ഥാർത്ഥിത്വം ലഭിക്കുമെന്നും കരുതപ്പെടുന്നു .
വളരെ കരുതലോടെയായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വ വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ പ്രതികരണം .വളരെ ശക്തമായ നിലയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിനെ നയിക്കുന്നത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു .എല്ലായിടത്തും അകന്നുമാറി നടന്നിരുന്ന ഉമ്മൻ‌ചാണ്ടി കഴിഞ്ഞ ആറുമാസമായി കേരളത്തിൽ  സജീവമായിക്കൊണ്ടിരിക്കുന്നു .വരും മാസങ്ങളിൽ ഉമ്മൻ‌ചാണ്ടി കോൺഗ്രസിൽ കൂടുതൽ സജീവമാകും .നിയമസഭയിൽ ജയിച്ചു വരുന്ന കോൺഗ്രസ്  എം എൽ എ മാരിൽ കൂടുതൽപേർ ഉമ്മൻചാണ്ടിയെ നേതാവായി അംഗീകരിക്കുന്നവരാകും എന്നാണ് എ വിഭാഗം കരുതുന്നത് .യു ഡി എഫിലെ ലീഗടക്കമുള്ള ഘടകകക്ഷികൾക്കും ഉമ്മൻ‌ചാണ്ടി നേതാവാകുന്നതാണ് താല്പര്യം എന്ന് സൂചനയുണ്ട് .
നേതാവിനെ തീരുമാനിച്ചിട്ടു തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്ന രീതി കോൺഗ്രസിന് കോൺഗ്രസിന് ഇല്ലെന്നു മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളീധരൻ പറയുന്നു .കെ കരുണാകരനെയും എ കെ ആന്റണിയുടെയും കാലഘട്ടത്തിലും അങ്ങനെയായിരുന്നു എന്ന് മുരളി ചൂണ്ടിക്കാണിക്കുന്നു .ഇപ്പോൾ പ്രധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടുന്നതാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു .
നേതൃത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറഞ്ഞില്ല .ഇപ്പോൾ ജോലിയുണ്ടെന്നും  ഇതേക്കുറിച്ചൊന്നും പറയാനില്ലെന്നും രമേശ് പറഞ്ഞു .നേതൃത്വം സംബന്ധിച്ച്  ചോദ്യം ഉയരുന്നതിലെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ് .
കെ പി സി സി യുടെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു .അങ്ങനെയെങ്കിൽ അദ്ദേഹവും കോൺഗ്രസിന്റെ പ്രബലനായ  ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാറും .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് വളരെ നിർണായകമാണ് .ഫലം മോശമായാൽ അത് തീർച്ചയായും കോൺഗ്രസിലെ സമവാക്യങ്ങൾ മാറ്റിമറിക്കും .മറ്റൊരു പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയനാണ് ,വലിയൊരു തലയെടുപ്പുള്ള നേതാവായി എൽ ഡി എഫ് പിണറായി വിജയനെ മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോൾ അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ കൂട്ടായ നേതൃത്വം എന്ന രീതി എത്രകണ്ട് ഫലപ്രദമാകും എന്നതാണ്.