തിരുവനന്തപുരം: വരാൻ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മുതൽ ഫലപ്രഖ്യാപനം വരെ കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ നടത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മാസ്ക്, സേനിറ്റൈസർ, സാമൂഹിക അകലം എന്നിവ തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട എല്ലാ പ്രവർത്തികളിലും ഉറപ്പാക്കുമെന്നും, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ തിരക്കൊഴിവാക്കാൻ വ്യത്യസ്ഥ സമയം ക്രമീകരിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു . തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസർമാർക്ക് നല്‍കുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്നും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുമ്പോഴും തിരികെ നൽകുമ്പോഴും എല്ലാ നിബന്ധനകളും പാലിക്കണമെന്നും ടീക്കാറാം മീണ ഓർമ്മിപ്പിച്ചു. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി സ്വാഗതം ആശംസിച്ച പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി സി.ഇ.ഒ പ്രേംകുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍.അഹമ്മദ് കബീര്‍ എന്നവരും സംസാരിച്ചു.
വിഷ്ണു ഗോപാൽ ടി.വി