ദ്വാരകയിലെ തെരുവോരങ്ങളിൽ നടക്കാനിറങ്ങുന്ന പതിവുണ്ടായിരുന്നു ശ്രീകൃഷ്ണന്.വലിപ്പച്ചെറുപ്പമില്ലാതെ സകലമാന ജനങ്ങളോടും അദ്ദേഹം കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു .പുഞ്ചിരിയോടെ നടന്നുവരുന്ന തങ്ങളുടെ ഭഗവാനെ കാണാൻ വഴിയോരത്ത് വലിയ ജനക്കൂട്ടം പതിവ് കാഴ്ചയായിരുന്നു .
തദവസരത്തിൽ പ്രജകൾ പലവിധ പരാതികളും അദ്ദേഹത്തോടുണർത്തിക്കാറുണ്ടായിരുന്നു. കൃഷ്ണൻ എല്ലാം ക്ഷമയോടെ കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തുപോന്നിരുന്നു . വളരെ ഗൗരവകരമായ വാഗ്‌വാദവും നീണ്ട തർക്കവും നടത്തി കയ്യാങ്കളിയുടെ വക്കിലെത്തിയ രണ്ടു യുവാക്കളെ കുറിച്ച് ചില സജ്ജനങ്ങൾ ഭഗവാനെ ധരിപ്പിച്ചു .ഉടനെ കൃഷ്ണൻ അവരെ കാണാൻ താല്പര്യം പ്രകടിപ്പിച്ചു. അല്പസമയത്തിനുള്ളിൽ തന്നെ ആ യുവാക്കൾ കൃഷ്ണന് മുൻപിലെത്തി .രണ്ടു യുവാക്കളും കൃഷ്ണനെ ഭക്തിയോടെ തൊഴുതു വണങ്ങി . പ്രത്യഭിവാദ്യത്തിനു ശേഷം സമീപത്തുള്ള വലിയൊരു ആൽ മരച്ചോട്ടിൽ ഭഗവാനിരുന്നു .
എന്താണ് വിഷയം എന്ന അർഥത്തിൽ കൃഷ്ണൻ അവരെയൊന്ന് നോക്കി .യുവാക്കളിലൊരാൾ മുന്നോട്ടല്പം നീങ്ങി നിന്നുകൊണ്ട് പറഞ്ഞു ‘ദൈവങ്ങൾ എന്തിനാണ് ആയുധം കൊണ്ടു നടക്കുന്നത് എന്നതിനെ ചൊല്ലിയാണ് ഞങ്ങൾ തമ്മിലുള്ള തർക്കം .”
“ദൈവങ്ങളുടെ സ്വയരക്ഷയ്ക്കാണെന്നു ഞാനും അതല്ല ആയുധങ്ങൾ തങ്ങളുടെ ഭക്തരെ സംരക്ഷിക്കാനാണെന്നു വിഭുവും വാദിക്കുന്നു .ഞങ്ങളുടെ തർക്കം അങ്ങുതന്നെ തീർത്തു തരണം .”രണ്ടാമൻ പറഞ്ഞു.
പുഞ്ചിരിയോടെ ഭഗവൻ പറഞ്ഞു ദൈവങ്ങൾ വലംകൈ കൊണ്ടു സജ്ജനങ്ങളെ അനുഗ്രഹിക്കും, ഇടംകയ്യിൽ ആയുധങ്ങൾ ധരിക്കുന്നത് സജ്ജനങ്ങളെ ആപത്തിൽ നിന്നും സംരക്ഷിക്കാനുമാണ് .ആയുധങ്ങൾ കയ്യിലേന്തിയിരിക്കുന്നത് ഒരുവിധത്തിലുള്ള അക്രമത്തെയും പ്രോത്സാഹിപ്പിക്കാനല്ല എന്നും ഭഗവൻ അരുൾ ചെയ്തു .
( വലം കൈ കൊണ്ടനുഗ്രഹിക്കുകയും ഇടം കയ്യിൽ ആയുധവുമായി നിൽക്കുന്ന തരത്തിലാണ് ഹൈന്ദവ ക്ഷേത്രങ്ങളിൽ ദൈവങ്ങളുടെ മിക്ക വിഗ്രഹങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത് .)