എസ്.എന്‍.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ക്ഷേത്ര ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ കെ.കെ.മഹേശന്റെ ജീവത്യാഗം തികച്ചും വേദനാജനകമാണ് എന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. ഏവരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മഹേശന്റെ മരണവും, ഒപ്പം പുറത്തു വന്ന ആത്മഹത്യാകുറിപ്പും ബന്ധപ്പെട്ട  രേഖകളും കേരളീയസമൂഹത്തെ നടുക്കിയിരിക്കുകയാണ്.

വിശ്വഗുരുവായ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിന്റെ നന്മയ്ക്കായി നല്‍കിയ സദ്‌സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹത്തായ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം.സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ആ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് നിരന്തര പീഢനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മഹേശന്റെ വെളിപ്പെടുത്തലുകള്‍.

ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും വിരുദ്ധമായി മാത്രം പ്രവര്‍ത്തിച്ച് ഗുരുനിന്ദയുടെ ജീവിക്കുന്ന പ്രതീകങ്ങളായി മാറിയ വെള്ളാപ്പള്ളിയും കൂട്ടരും യഥാര്‍ത്ഥത്തില്‍ മാഫിയകളെപ്പോലും വെല്ലുന്ന കുറ്റകൃത്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം മഹേശന്റെ കുറിപ്പിലൂടെയും പുറത്തു വന്ന മറ്റു വിവരങ്ങളിലൂടെയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.

ഏവരും ആദരിക്കുന്ന ശ്രീനാരായണ പ്രസ്ഥാനത്തെ രക്ഷാകവചമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും തന്‍കാര്യം നേടുന്നതില്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചുവരുന്ന ‘വെള്ളാപ്പള്ളി സംഘ’ത്തിനുമുന്നില്‍ നിയമവും നിയമപാലകരും അവരെയെല്ലാം നിയന്ത്രിക്കുന്ന ഭരണാധികാരികളും പതറുന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ ഒരു സമീപനവും നിയമനടപടികളും സ്വയം ജീവിതം അവസാനിപ്പിക്കുന്നതിലേയ്ക്ക് മഹേശനെ എത്തിക്കുന്നതില്‍ ഉത്തരവാദികളായവരുടെ  കാര്യത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ പ്രസക്തമായി ഉയരുന്നത്.

“നീതിക്കുവേണ്ടിയുള്ള മഹേശന്റെ സഹധര്‍മ്മിണി ഉഷാദേവിയുടെ അപേക്ഷ ബഹു. മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. നിയമാനുസൃതമായ നടപടികള്‍ നീതിപൂര്‍വ്വം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമോ?” സുധീരൻ ചോദിക്കുന്നു.
ബഹു.മുഖ്യമന്ത്രി തന്നില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റി അതിന് മുന്നോട്ടുവരണം.കേരളം കാതോര്‍ക്കുന്നതും കാത്തിരിക്കുന്നതും സര്‍ക്കാരിന്റെ സത്വര നടപടിക്കുവേണ്ടിയാണ്.