കൊവിഡ് കാരണം ഏറ്റവും പ്രതിസന്ധി നേരിടേണ്ടി വന്ന മേഖല സിനിമയാണ്. പത്ത് മാസത്തോളം അടച്ചിട്ടതിനു ശേഷം ഈ ജനുവരിയിലാണ് തിയേറ്ററുകള്‍ തുറക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട പ്രതിസന്ധികള്‍ക്കു ശേഷം തിയേറ്ററുകള്‍ സജീവമായി തുടങ്ങിയിരിക്കുകയാണ്. സെക്കന്‍ഡ് ഷോ ഏര്‍പ്പെടുത്തിയതിനുശേഷം ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം ദി പ്രീസ്റ്റിന് വമ്പന്‍ സ്വീകരണമാണ് മലയാള സിനിമാപ്രേമികള്‍ നല്‍കുന്നത്. മാര്‍ച്ച് പതിനൊന്നിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിലും വന്വിജയമായിക്കൊണ്ടിരിക്കുകയാണ്. ആദ്യദിവസം മുതല്‍ മികച്ച പ്രേക്ഷക പങ്കാളിത്തത്തോടെ പ്രദര്‍ശനം ആരംഭിച്ച പ്രീസ്റ്റ് ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. സൗദി അറേബ്യയില്‍ അവസാനം റിലീസ് ചെയ്ത ടോപ്പ് 10 ഇന്ത്യന്‍ സിനിമളില്‍ ഒന്നായി പ്രീസ്റ്റും മാറിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ചിത്രം നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിസും രംഗത്ത് വന്നിരിക്കുകയാണ്. ഇവരുടെ കണക്കുകള്‍ പ്രകാരം 4.91 കോടിയോളം ഇവിടങ്ങളില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും വ്യക്തമാകുന്നു. മിസ്റ്ററി ത്രില്ലര്‍ ജോണറില്‍പ്പെട്ട ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.