മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷത്തിലെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വാള്‍പ്പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ചിത്രമുള്ള രസകരമായ ഈ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മഹേഷ് വെട്ടിയാറ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍സ്റ്റുഡിയോസാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമകൂടിയാണിത്.

ചിത്രത്തിന്റെ പോസ്റ്റര്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും രസകരമായ ഈ ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതിനായി കാത്തിരിക്കാന്‍ കഴിയില്ലെന്നും പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജയേഷ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.