കഴിഞ്ഞ വര്‍ഷം ധനുഷ് നായകനായ അസുരന് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴില്‍ തുടക്കം കുറിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പച്ചൈയമ്മ എന്ന കഥാപാത്രത്തിന് ലഭിച്ചത്.കലക്ഷനിൽ ചിത്രം നൂറുകോടി ക്ലബ്ബിൽ കയറുകയും ചെയ്തു.
ഇപ്പോള്‍ മഞ്ജു കന്നഡ സിനിമയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ലൂസ് മാട ഫെയിം യോഗേഷിനൊപ്പമാണ് കന്നഡിയിലേക്ക് മഞ്ജു അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ യോഗേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് മഞ്ജുവാര്യരെത്തുന്നത്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കഥാപാത്രം വളരെ ശക്തയാണെന്നും മഞ്ജുവിന് ഈ കഥാപാത്രം നന്നായി ഇണങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണിനുശേഷം താരത്തെ നേരില്‍ക്കണ്ട് ചിത്രത്തിന്റെ കഥ പറയാനുള്ള ഒരുക്കത്തിലാണ് സംവിധായകന്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ കന്നഡയിലൂം തിളങ്ങും എന്നത് ഉറപ്പാണ്.