പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് കുടുംബം തങ്ങളുടെ കട ബാധ്യതകളിൽ നിന്നുമൊഴിവാകാൻ പാപ്പർ ഹർജിയുമായി പത്തനംതിട്ട സബ്കോടതിയെ സമീപിച്ചിരിക്കുകയാണ് .എന്നാൽ നിരവധി കോടികളുടെ ആസ്തിവകകൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും മറ്റു പലസ്ഥലങ്ങളിലും പോപ്പുലർ ഉടമ റോയ് ഡാനിയേലിനും കുടുംബാംഗങ്ങൾക്കും ഉണ്ട് .ഒട്ടനവധി ആഡംബരവാഹനങ്ങളും സ്വന്തമായിരിക്കെ പാപ്പർ ഹർജി നൽകിയത് കോടതിയെ കബളിപ്പിക്കലായാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് .
എന്നാൽ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ പാപ്പർ ഹർജി പിൻവലിക്കും എന്നാണ് പോപ്പുലറിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ലഭിക്കുന്ന വിവരം .ജാമ്യം ലഭിച്ചാൽ നിക്ഷേപകർക്ക് നൽകാനുള്ളത് തിരിച്ചു കൊടുക്കാം എന്നാണ് പോപ്പുലർ ഗ്രൂപ്പ് പറയുന്നത് .എന്നാൽ തങ്ങൾക്കു തരാനുള്ള പണം തിരിച്ചു തന്നാൽ മാത്രമേ തട്ടിപ്പു കുടുംബത്തിന് ജാമ്യം അനുവദിക്കാവൂ എന്നാണു തട്ടിപ്പിൽ കൈ പൊള്ളിയ നിക്ഷേപകരുടെ വാദം .പോപ്പുലറിന്റെ സ്വത്തു വകകൾ പ്രമാണത്തിൽ വിലകുറച്ചു കാണിച്ച ശേഷം കൂടിയ വിലയ്ക്ക് വിറ്റ് അധികമായി ലഭിച്ച പണം വിദേശത്തേക്ക് കടത്തി എന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത് .തിരിച്ചു നല്കാനുദ്ദേശിക്കാതെ നിക്ഷേപകരിൽ നിന്നും പന്ത്രണ്ടു ശതമാനം പലിശ വാഗ്ദാനം ചെയ്‌ത്‌ പണം സ്വീകരിക്കുകയായിരുന്നു പോപ്പുലർ ഗ്രൂപ്പ് .