കോണ്‍ഗ്രസ്- ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തീവ്രഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസുമായി എന്നും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സി.പി.എം.കോടിയേരി ബാലകൃഷ്ണന്‍ മലന്ന് കിടന്ന് തുപ്പുകയാണ്.
ഹിന്ദു മഹാസഭയുടേയും ആര്‍.എസ്.എസിന്റേയും ആരംഭം മുതല്‍ ഇന്നുവരെ തീവ്രഹിന്ദു രാഷ്ട്രീയത്തിനെതിരെ ഒരു ഘട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പ്രസ്ഥാനം കോണ്‍ഗ്രസാണ്. ചരിത്രത്തില്‍ രണ്ടുതവണ ആര്‍.എസ്.എസിനെ നിരോധിച്ചത് നെഹ്‌റുവും ഇന്ദിരയുമാണെന്ന കാര്യം മറക്കരുത്.
ദേശീയപ്രസ്ഥാനം കാലം മുതല്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് ബ്രട്ടീഷുകാരെ സഹായിച്ച ചരിത്രമാണ് ഇവര്‍ക്കുള്ളത്. ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റുകൊടുത്തതും സ്വാതന്ത്ര്യലബ്ധിയെ തള്ളിപ്പറഞ്ഞതും നാടുമറന്നിട്ടില്ല. ആര്‍.എസ്.എസും ബി.ജെ.പിയും മതേതരവിരുദ്ധ സംഘടനയാണ്. ജാനധിപത്യത്തിന്റെ ശത്രുക്കാളയ ബി.ജെ.പിയുടെ മുഖം വികൃതമാകുമ്പോഴെല്ലാം ഇവര്‍ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുന്ന കരാര്‍ ഏറ്റെടുത്ത പ്രസ്ഥാനമാണ് സി.പി.എം.
സി.പി.എമ്മിന്റെ ആര്‍.എസ്.എസ് വിരോധം ഒട്ടും ആത്മാര്‍ത്ഥയില്ലാത്തതാണ്.1977 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുമായി കൈകോര്‍ത്ത് പിടിച്ച് ഇന്നത്തെ മുഖ്യമന്ത്രി കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ രാപ്പകല്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ഓടിനടന്ന യുവാവായ കോടിയേരി ബാലകൃഷ്ണനെ ആരുമറന്നാലും തനിക്കുമറക്കാനാവില്ല. ഉദുമയില്‍ മത്സരിച്ച ആര്‍.എസ്.എസ് നേതാവായിരുന്ന കെ.ജി.മാരാരെ വിജയിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശക്തമായി പ്രവര്‍ത്തിച്ചതും മറക്കാനാവില്ല. സി.പി.എം മുന്‍ എം.എല്‍.എ പരേതനായ പുരുഷോത്തമനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യകാര്‍മ്മികന്‍.
രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും സംഘപരിവാറുമായി കൈകോര്‍ത്ത ചരിത്രം സിപിഎം വിസ്മരിക്കരുത്. ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത ലക്ഷ്യം കോണ്‍ഗ്രസ് മുക്തഭാരതമാണ്. നിങ്ങള്‍ ഒരെ തൂവല്‍ പക്ഷികളാണ്. ഗീബല്‍സുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട് ശുദ്ധനുണ പ്രചരിപ്പിച്ച സി.പി.എമ്മിന്റെ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് കോടിയേരിയുടെ വാര്‍ത്താസമ്മേളനം.നിറം പിടിപ്പിച്ച നുണകളുടെ പ്രചാരകരാണ് സി.പി.എമ്മുകാര്‍.
പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സി.പി.എം കരുതണ്ടാ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതിപക്ഷ നേതാവിന്റെ കൂടെയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ എന്‍.ഐ.എ അന്വേഷണം ശരിയായ ദിശയിലാണോ പോകുന്നത് എന്നത് സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. ആവശ്യമായ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നീക്കുപോക്കുകള്‍ സംബന്ധിച്ച രഹസ്യധാരണയെ കുറിച്ച് തുടക്കം മുതല്‍ താന്‍ പറഞ്ഞിട്ടുണ്ട്. ബി.ജെ.പിയ്ക്ക് കേരളത്തില്‍ കുറഞ്ഞത് പത്ത് സീറ്റെങ്കിലും ജയിക്കാനുള്ള കളമൊരുക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.അത് നിഷേധിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിയുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ തുടക്കം മുതലെ എന്‍.ഐ.എ അന്വേഷണത്തോടൊപ്പം സി.ബി.ഐ, റോ എന്നീ അന്വേഷണവും നടത്തണമെന്ന് താന്‍ ശക്തമായ ആവശ്യപ്പെട്ടതാണ്. ഈ മൂന്നു ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത് നിന്ന് അറിഞ്ഞിട്ടുള്ള ആളെന്ന നിലയിലാണ് താന്‍ ഈ ആവശ്യം ഉന്നയിച്ചത്.
സി.ബി.ഐ എന്നുകേട്ടാല്‍ മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടി സെക്രട്ടറിക്കും ഉറക്കം നഷ്ടമാകും. പാര്‍ട്ടി നേതാക്കന്‍ മാരുടെ അവിഹിത സമ്പാദ്യത്തിന്റെ കാണാപ്പുറം കണ്ടെത്തണമെങ്കില്‍ സി.ബി.ഐ തന്നെ അന്വേഷിക്കണം. അത്തരമൊരു അന്വേഷണത്തില്‍ ബി.ജെ.പി ഇടപെട്ടില്ലെങ്കില്‍ പ്രമുഖ സി.പി.എം നേതാക്കളും പാര്‍ശ്വവര്‍ത്തികളും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.