സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐയ്ക്ക് പുറമേ
എന്‍.ഐ.എയും റോയും അന്വേഷിക്കണം എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

യു.എ.ഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്ര ബാഗേജിലാണ് സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ സ്വര്‍ണ്ണക്കടത്തായി കാണാന്‍ സാധ്യമല്ല. നയതന്ത്ര ചാനല്‍ വഴി പത്തുതവണ സ്വര്‍ണ്ണം കടത്തി കേരളത്തില്‍ കൊണ്ടുവന്നതായിട്ടാണ് പറയപ്പെടുന്നത്.ഈ സംഭവം നമ്മുടെ രാജ്യസുരക്ഷയേയും യു.എ.ഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്നതാണ്.യു.എ.ഇയും ഇന്ത്യയും തമ്മിലും പ്രത്യേകിച്ച് കേരളവുമായും സുദൃഢവും ആത്മാര്‍ത്ഥവും ഊഷ്മളവുമായ ബന്ധമാണുള്ളത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന നാടാണ് യു.എ.ഇ. കേരളീയരായ പ്രവാസികളുടെ ശക്തമായ സാന്നിധ്യം യു.എ.യില്‍ ഉണ്ടെന്ന് മനസിലാക്കിയാണ് 2016 ല്‍ ഒരു കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ യു.എ.ഇ തീരുമാനിച്ചത്.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളക്കടത്തുകാരും ഉദ്യോഗസ്ഥരും പ്രത്യേകിച്ച് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍മാരുമായി ഈ റാക്കറ്റിന് വലിയ ബന്ധമുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഐ.എ.എസാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്രബിന്ദു. സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൂടാതെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിന്റെ സെക്രട്ടറി കൂടെയാണ് ശിവശങ്കര്‍. ഈ കേസിലെ പ്രധാന ആസൂത്രകയും കുറ്റവാളിയുമായ സ്വപ്‌ന സുരേഷ് എന്ന വനിതയെ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഘട്ടത്തില്‍ തന്നെ ഐ.ടി.വകുപ്പില്‍ സ്‌പെയ്‌സ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ എന്ന ഉന്നത പദവിയില്‍ നിയമനവും നല്‍കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് കള്ളക്കടത്ത് വഴി ഇവിടെ വളരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നത് അപകടകരമായ സ്ഥിതിയാണെന്നും അതുകൊണ്ട് അടിയന്തര ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.