രമേശ് ചെന്നിത്തലയുടെ പ്രവാസികൾക്കായുള്ള സമരവേദിയിൽ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യ മന്ത്രി ഷൈലജക്കെതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചൂടൻ സംഭവം .കെ കെ ശൈലജയെ ‘നിപ രാജകുമാരി ‘ എന്നും ‘കോവിഡ് റാണി’ എന്നും മുല്ലപ്പള്ളി വിശേഷിപ്പിച്ച ദൃശ്യങ്ങൾ അതിവേഗം സമൂഹ മാധ്യമങ്ങളിൽ തരംഗമായി .വാർത്താ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് മുല്ലപ്പള്ളിയുടെ പ്രസംഗത്തിന് കൊടുത്തത്. പ്രവാസി വിഷയവും രമേശിന്റെ പരിപാടിയുമെല്ലാം താഴെപ്പോയി .
നിപ രാജകുമാരി എന്ന പേരെടുത്തശേഷം ഇപ്പോൾ കോവിഡ് റാണിയാകാനാണ് മന്ത്രി കെ കെ ഷൈലജ ശ്രമിക്കുന്നത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത് .നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുണ്ടെങ്കിലും ആ സമയം മന്ത്രി ഒരു ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെ കോഴിക്കോട് ക്യാമ്പ് ചെയ്യുക മാത്രമാണുണ്ടായത് . ആരോഗ്യമേഖലയിലെ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും പ്രവർത്തനത്തിന്റെ മെച്ചം മന്ത്രി സ്വന്തം പേരിലാക്കുകയാണ് ഉണ്ടായത് . നിപ രാജകുമാരി എന്ന നിലയിൽ നിന്നും ഇപ്പോൾ കോവിഡ് റാണി ആകാനുള്ള ശ്രമം മാത്രമാണ് ആരോഗ്യമന്ത്രി നടത്തുന്നത് .
സി പി ഐ നേതാവ് ആനി രാജയാണ് ആദ്യം മുല്ലപ്പള്ളിയുടെ പരാമർശം സ്ത്രീ വിരുദ്ധമാണെന്നു ആരോപിച്ചു രംഗത്തെത്തിയത് .പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു .