ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനം രാജി വച്ചു. ബെന്നിയെ മാറ്റി പകരം ചുമതല മുൻ എം എൽ എ എം എം ഹസ്സന് നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു .എന്നാൽ രാജി വച്ചൊഴിയാതെ ബെന്നി തൽസ്ഥാനത്തു തുടർന്നു.കൂടാതെ ബെന്നി ഐ ഗ്രൂപ്പുമായി അടുക്കുകയും ചെയ്തു .ഇതോടെ ഉമ്മൻചാണ്ടിയും അദ്ദേഹത്തോടടുപ്പമുള്ള നേതാക്കളും ബെന്നിയിൽ നിന്നും അകന്നു . ഇതൊക്കെയാണ് ഇപ്പോൾ ബെന്നിയുടെ രാജിയിലേക്കു നയിച്ച ഘടകങ്ങൾ .ബെന്നി ബെഹനാൻ ഇപ്പോൾ ചാലക്കുടിയിൽ നിന്നും ഉള്ള ലോക്സഭാംഗമാണ് .

അവഗണനയിൽ മനം നൊന്ത് മുരളീധരൻ .

കെ പി സി സിയുടെ പ്രചാരണ വിഭാഗം തലവൻ എന്ന സ്ഥാനത്തു നിന്നും കെ മുരളീധരൻ എം പിയും തൽസ്ഥാനത്തു നിന്നും രാജി വച്ചിട്ടുണ്ട് .കോൺഗ്രസിലെ കേരളാ നേതൃത്വം തന്നോട് യാതൊരു കൂടിയാലോചനയും നടത്താത്തതാണ് മുരളിയെ ചൊടിപ്പിച്ചിരിക്കുന്നത് .അവഗണനക്കെതിരെ ഉള്ള പ്രതിഷേധമാണ് മുരളിയുടെ രാജി . ഇപ്പോൾ അടുത്തിടെ കോൺഗ്രസ് നടത്തിയ സെക്രട്ടറിമാരുടെ നിയമനത്തിലും മുരളിയുടെ അഭിപ്രായം തേടിയിരുന്നില്ല എന്ന് അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നു .
എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കളം നിറയാനുള്ള അവസരമാണ് മുരളി നശിപ്പിച്ചിരിക്കുന്നത് എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുരളിയെ പ്രചാരണ വിഭാഗം തലവനാക്കി ഹൈക്കമാൻഡ് നിയമിച്ചത് .വളരെ വലിയൊരു ഉത്തരവാദിത്തം കോൺഗ്രസ് നൽകി ,എന്നാൽ മുരളി വടകരയിൽ മത്സരിക്കാൻ പോയി .പ്രചാരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി .കേന്ദ്രത്തിൽ കോൺഗ്രസ് മന്ത്രിസഭ ഉണ്ടാകാത്തതോടെ ലോക്സഭയിൽ മത്സരിച്ചതും ആവശ്യമില്ലാത്ത പണിയായി . ഇപ്പോൾ പ്രചാരണ വിഭാഗം തലവൻ എന്ന ഉത്തരവാദിത്തത്തിൽ നിന്നും രാജി വച്ചു മുരളി ഒഴിയുമ്പോൾ സംസ്ഥാനത്തു സ്വന്തം നിലയ്ക്ക് സംഘടനയ്ക്കുള്ളിൽ ശക്തനാകാനുള്ള ഒരവസരം കൂടി മുരളി കളഞ്ഞു കുളിച്ചിരിക്കയാണ് എന്നതാണ് പാർട്ടിക്കുള്ളിലെ പൊതു വികാരം .