ഇന്ത്യയില്‍ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും സംവിധായകനുമായ മുരളിഗോപി. ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയില്‍ നിന്ന് സൃഷ്ടിപരമായ ഉള്ളടക്കങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണ്. ഏതൊരു ക്രിയേറ്റീവ് ഫ്‌ളാറ്റ്‌ഫോമിലും കലാപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തടയേണ്ടതാണ്. ആവശ്യമെങ്കില്‍ ഇതിനായി  നിയമപോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവയെ കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഡിജിറ്റല്‍ ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും ബാധകമാകും. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പുറമെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമുകള്‍ക്കും ഷോപ്പിങ് സൈറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.