പട്ന : ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ കക്ഷികളായ ജനതാദൾ നിതീഷ് വിഭാഗവും ആർ ജെ ഡിയും .ദേശീയ കക്ഷികളായ ബി ജെ പിയും കോൺഗ്രസ്സും ബിഹാറിൽ പിന്നണിയിലാണ് .
മഹാസഖ്യത്തെ നയിക്കുന്നത് കേവലം മുപ്പത്തൊന്നു വയസ്സുള്ള തേജസ്വി യാദവാണ്. ഇരുമ്പഴിക്കുള്ളിലിരുന്ന് ലാലു പ്രസാദ് യാദവ് കാര്യങ്ങൾ നിയന്ത്രിക്കുന്നു . ലാലുവിന്റെയും റാബ്രിദേവിയുടെയും സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ആർ ജെ ഡി പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുവാക്കൾക്ക് തൊഴിലും കർഷകർക്ക് ആശ്വാസകരമായ നിരവധി പദ്ധതികളും ആരോഗ്യ , സ്ത്രീ സുരക്ഷയും വാഗ്ദാനം ചെയ്തിരിക്കുകയാണ് ആർ ജെ ഡി .പത്തുലക്ഷം തൊഴിലാണ് തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്ന ബിഹാറിൽ ആർ ജെ ഡി വാഗ്ദാനം ചെയ്തിരിക്കുന്നത് .
നിതീഷിന്റെ ശക്തനായ വിമർശകനായി പ്രചാരണം നയിക്കുന്ന ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാനും എൻ ഡി എ നയിക്കുന്ന ഭരണ മുന്നണിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട് .ബിഹാറിൽ ഭരണത്തിനെതിരായ ജനവികാരം ശക്തമാണ് എന്നാണു സൂചന.
എന്നാൽ ബിഹാറിലെ നിലവിലെ സർക്കാർ തുടരും എന്ന രീതിയിൽ പുറത്തുവരുന്ന സർവ്വേ ഫലങ്ങളിൽ ആശ്വാസം കണ്ടെത്തുകയാണ് ജെ ഡി യു (നിതീഷ് ) വിഭാഗവും ബി ജെ പിയും .എല്ലാ ദിവസവും അഞ്ചിലേറെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രസംഗിക്കുന്നു.