നിയമസഭയിൽ 50 വർഷം പൂർത്തിയാക്കി പാർലമെൻററി ചരിത്രത്തിൽ സുവർണ്ണ അധ്യായം രചിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഒരേ നിയോജക മണ്ഡലത്തിൽ നിന്നുള്ള തുടർച്ചയായ വിജയം ഈ അഭിമാനകരമായ റിക്കാർഡ് നേട്ടത്തിൻ്റെ മാറ്റ് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
പുതുപ്പള്ളിയിലെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്നെന്നും നിലനിർത്തി അവരുടെയും നിയോജക മണ്ഡലത്തിന്റെയും ആവശ്യങ്ങൾ കൃത്യമായി കണ്ടറിഞ്ഞ് അർപ്പണബോധത്തോടെ അതെല്ലാം നിറവേറ്റിയ ഉമ്മൻചാണ്ടി ജനപ്രതിനിധികൾക്ക് ഒരു ഉത്തമ മാതൃകയാണ്.
1964 ആഗസ്റ്റിൽ വയലാർ രവി കെഎസ്‌യു പ്രസിഡണ്ട് പദവി ഒഴിഞ്ഞ് എ കെ ആൻറണി പ്രസിഡൻറായി ചുമതലയേറ്റ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഞാനാദ്യമായി ഉമ്മൻചാണ്ടിയെ കാണുന്നത്. അന്ന് അദ്ദേഹം കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഞാനന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും. പിന്നീട് ഉമ്മൻചാണ്ടി കെഎസ്‌യു പ്രസിഡൻറ് ആയി. അക്കാലത്ത് തൃശ്ശൂർ ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് ഊഷ്മളമായ അനുഭവമായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിന് പുതിയൊരു മുഖം നൽകാനും അതുവഴി അതിൻറെ സ്വീകാര്യത വർദ്ധിപ്പിക്കാനും ഉമ്മൻചാണ്ടിയുടെ ഭാവനാസമ്പന്നമായ നേതൃത്വത്തിന് കഴിഞ്ഞു. അന്നത്തെ കൃഷി വകുപ്പ് മന്ത്രി എം എൻ ഗോവിന്ദൻ നായരുടെ പിന്തുണയോടെ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കെഎസ്‌യു വിജയകരമായി നടപ്പാക്കിയ ‘ഓണത്തിന് ഒരുപറ നെല്ല്’ വിദ്യാർത്ഥി സംഘടനാ ചരിത്രത്തിലെ തിളക്കമേറിയ ഒരധ്യായമായി ഇന്നും നിലനിൽക്കുന്നു.
യൂത്ത് കോൺഗ്രസിനെ ഊർജ്ജസ്വലമായി നയിച്ച സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലും ശ്രദ്ധേയനാണ് ഉമ്മൻചാണ്ടി.
1970 ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻചാണ്ടിയുടെ എം എൽ എ ഹോസ്റ്റലിലെ മുപ്പത്തിയെട്ടാം നമ്പർ മുറി അക്കാലത്ത് ഞങ്ങളുടെയൊക്കെ താവളമായിരുന്നു. ഒന്നിച്ചുണ്ടും ഉറങ്ങിയും സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ ആ മനോഹരമായ നാളുകൾ ഒരിക്കലും മറക്കാനാകില്ല.
സംസ്ഥാന മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നപ്പോഴും കേരളത്തെ പുരോഗതിയിലേക്കു എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പദ്ധതികളുമായി മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ നയിച്ചപ്പോഴും ഔദ്യോഗിക പദവികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുമ്പോഴും തന്നെ സമീപിക്കുന്ന സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അതീവ ശ്രദ്ധ പതിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിൻ്റേത്. ഈ മനോഭാവം തന്നെയാണ് ചരിത്രം സൃഷ്ടിച്ച ‘ജനസമ്പർക്ക’ പരിപാടിക്ക് അതിയായ ഊർജ്ജം പകർന്നതും.
പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുക, അതിൻറെ അന്തസത്ത പെട്ടെന്നുതന്നെ ഗ്രഹിക്കുക, അതിന് ഉടനടി പരിഹാരം കണ്ടെത്തുക, അതിന്മേൽ ദ്രുതഗതിയിൽ തീരുമാനമെടുക്കുക, അതെല്ലാം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നീ നിലയിലുള്ള ‘ഉമ്മൻചാണ്ടിശൈലിയുടെ’ ഗുണഭോക്താക്കളുടെ എണ്ണം പറഞ്ഞറിയിക്കാനാവില്ല.
വയലാർ രവിയും എ കെ ആൻറണിയും ഉമ്മൻചാണ്ടിയുമാണ് കെഎസ്‌യു കാലഘട്ടം മുതലേ എന്റെ നേതാക്കൾ. ജ്യേഷ്ഠസഹോദര സ്ഥാനീയരായ ഈ നേതാക്കളുമായി സഹോദരനിർവിശേഷമായ സ്നേഹത്തോടെ ഇടപഴകുമ്പോഴും ചില പ്രശ്നങ്ങളിൽ സ്വാഭാവികമായ വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ അന്നേരം മാത്രം. സ്നേഹനിർഭരമായ ഈ ഹൃദയബന്ധങ്ങൾ എന്നെപ്പോലുള്ളവർക്ക് പകർന്നു നൽകിയ ഊർജ്ജം അതിരറ്റതാണ്.
കേരളീയ പൊതു സമൂഹത്തിന് സമ്മതനായ ഉമ്മൻചാണ്ടിക്ക് തന്റെ ദൗത്യനിർവഹണ പാതയിൽ കർമ്മനിരതനായി ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ജനങ്ങളുടെ പ്രതീക്ഷയും അതു തന്നെയാണ് ..