ഇടഞ്ഞു നിന്നിരുന്ന എ വിഭാഗം നേതാവും കെ പി സിസി ഭാരവാഹിയുമായ സോണി സെബാസ്റ്റ്യൻ ഇന്ന് സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കോൺവെൻഷനിൽ പങ്കെടുക്കും .കണ്ണൂർ ഡി സി സിയുടെ അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് വേണം എന്ന ആവശ്യം നടക്കാനിടയില്ല .നാൽപ്പതു വർഷത്തോളം എ ഗ്രൂപ്പിന്റെ കെ സി ജോസഫിന്റെ കയ്യിലിരുന്ന ഇരിക്കൂർ മണ്ഡലം നഷ്ടമായതിന്റെ വിഷമവും എ ഗ്രൂപ്പിനുണ്ട് .ഉമ്മൻ ചാണ്ടി ഇരിക്കൂറിൽ നേരിട്ടെത്തി വിമതരുമായി സംസാരിച്ചതാണ് കാര്യങ്ങൾ താൽക്കാലികമായെങ്കിലും തീർപ്പാക്കിയത് .

വിവാദങ്ങളും പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും ഇരിക്കൂറിലെ യു ഡി എഫ് വിജയസാധ്യതകളെ തല്ലിക്കെടുത്തിക്കഴിഞ്ഞു .കോൺഗ്രസ് സംഘടനകാര്യ സെക്രട്ടറിയും രാഹുൽഗാന്ധിയുടെ വിശ്വസ്തനുമായ കെ സി വേണുഗോപാലിന്റെ സഹായത്തോടെ ഇരിക്കൂർ സീറ്റ് നേടാൻ സജീവ് ജോസഫിനായി എങ്കിലും ഒത്തൊരുമയില്ലാത്ത നേതാക്കൾ കാര്യങ്ങൾ ദുഷ്കരമാക്കിയതിൽ ഹൈക്കമാന്ഡിന് അതൃപ്തിയുണ്ട് .