സണ്ണിവെയ്ന്‍ നിര്‍മ്മിച്ച് നിവിന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ് ലുക്കിലുള്ള നിവിന്‍പോളിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുള്ള ഫസ്റ്റ്‌ലുക്കാണ് ഇറങ്ങിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍………… പോരാട്ടങ്ങള്‍…………അതിജീവനം….നമ്മള്‍ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. പോരാട്ടവീര്യം കത്തിനില്‍ക്കുന്ന നോട്ടവുമായി കര്‍ഷകരോടൊപ്പം നില്‍ക്കുന്ന ലുക്കാണ് പോസ്റ്ററിലുള്ളത്. പടവെട്ടിനു വേണ്ടി നിവിന്‍പോളി ശരീരഭാരം കൂട്ടിയിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അരുവി എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അദിതി ബാലനാണ് പടവെട്ടിലെ നായിക. കൂടാതെ മഞ്ജുവാര്യരും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു. 90 ശതമാനത്തോളം ഷൂട്ട് കഴിഞ്ഞ പടവെട്ട് കോവിഡ് സീസണ്‍ കഴിഞ്ഞാലുടന്‍ തിയറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. നേരത്തെ സണ്ണിവെയ്‌നിന്റെ നിര്‍മ്മാണത്തില്‍ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ലിജുകൃഷ്ണ സംവിധാനം ചെയ്തിരുന്നു. നാടക സംരഭം  ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെയാണ് സിനിമയിലും നിര്‍മ്മാതാവായി സണ്ണി വെയ്ന്‍ തുടക്കമിട്ടിരിക്കുന്നത്. നിവിന്റെ കരിയറിലെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണിത്.