പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പിണറായി വിജയൻ അതിശക്തമായി ആരോഗ്യമന്ത്രി കെ കെ ഷൈലജയെ പ്രതിരോധിച്ചു.കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,കെ മുരളീധരൻ ,കെ സുധാകരൻ എന്നീ കോൺഗ്രസ് നേതാക്കളെ എല്ലാം മുഖ്യമന്ത്രി കടന്നാക്രമിച്ചു .
ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് .നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ലിനി .ആ കുടുംബത്തെ അംഗീകരിക്കണം എന്ന് പറയുന്നില്ല പക്ഷെ വേട്ടയാടാതിരുന്നുകൂടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തകാലത്ത് തങ്ങൾക്കൊപ്പം നിന്നവരെ ലിനിയുടെ ഭർത്താവു സജീഷ് ഓർമ്മിച്ചതിന് ആ ചെറുപ്പക്കാരനെ ക്രൂശിക്കുകയാണ് കോൺഗ്രസ്.രോഗപ്രതിരോധ ശ്രമങ്ങളെ പരാജയപ്പെടുത്താൻ പലവഴിക്ക് ശ്രമിച്ചവരുടെ മനഃശാസ്ത്രം ജനങ്ങൾ പരിശോധിക്കേണ്ടതാണ് .കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ് കെ പി സി സി അധ്യക്ഷന്റെ പ്രസ്താവന .മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരമെന്നു മുഖ്യമന്ത്രി ആരോപിച്ചു .
ഇരിക്കുന്ന പദവിയുടെ മാന്യത വർത്തമാനം പറയുമ്പോൾ ഓർക്കണം എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഉണ്ടായപ്പോൾ മുതിർന്ന പത്രപ്രവർത്തകർ തമ്മിൽ തമ്മിൽ നോക്കി “പരനാറി …പരനാറി ” എന്നടക്കം പറഞ്ഞത് ചിരി പടർത്തി .കൊല്ലം എം പി പ്രേമചന്ദ്രനെ പിണറായി വിജയൻ “പരനാറി ” എന്നു വിളിച്ചാക്ഷേപിച്ച വിഷയമാണ് പത്രക്കാർ പറഞ്ഞു ചിരിച്ചത് .കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും പത്രപ്രവർത്തകരിലെ മിടുക്കന്മാരാരും പക്ഷെ അതേക്കുറിച്ചു പിണറായി വിജയനോട് ചോദിക്കാനുള്ള നട്ടെല്ല് കാണിച്ചില്ല .
‘കോവിഡ് റാണി ‘ പ്രയോഗത്തിൽ മുല്ലപ്പള്ളിയെ വിമർശിച്ച് പിണറായി വിജയൻ .
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതാണ് പ്രതിപക്ഷത്തെ വിഷമിപ്പിക്കുന്നത് എന്ന രീതിയിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിച്ചത് .