പിണറായി എന്ന സർവ്വപ്രതാപി

സി പി എമ്മിലെ അധികാര സിരാകേന്ദ്രം പിണറായി വിജയൻ എന്ന നേതാവിന്റെ കയ്യിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ അപ്രസക്തമായിപ്പോയത് സി പി എമ്മിലെ മറ്റു നേതാക്കളാണ് . പ്രത്യേകിച്ച് എന്നും വ്യക്തികളേക്കാൾ വലുതാണ് പാർട്ടി എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പ്രഖ്യാപിക്കുന്ന സി പി എം പോലൊരു പാർട്ടി .പിണറായി വിജയൻ സർവ്വപ്രതാപിയായി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നപ്പോൾ മുതൽ അപ്രസക്തമായത് സി പി എം എന്ന പാർട്ടിയാണ് .

വി എസ്, ജയരാജൻ…

വി എസ്സിന് ഇനിയൊരങ്കത്തിന് ബാല്യമില്ല.തെറ്റാണെങ്കിലും ഒരു നിലപാടെടുത്ത് മുന്നോട്ടു പോകുന്ന പിണറായിക്കു ജയ് വിളിക്കുക എന്ന തരത്തിലേക്ക് പാർട്ടി പ്രവർത്തകരും മാറി. കോടിയേരി ബാലകൃഷ്ണൻ മകന്റെ ഗൾഫിലെ ബിസിനസ് ഇടപാടും ഡി എൻ എ  പരിശോധനയുമായി പ്രതിരോധത്തിലായത് മറുവശത്തു പിണറായി വിജയനെ കൂടുതൽ കരുത്തനാക്കി.കോടിയേരിക്ക് അനാരോഗ്യവും പ്രശ്നമായി.
വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ പി ജയരാജനെ കണ്ണൂർ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും രാജി വയ്പ്പിച്ചതോടെ ഭാവിയിലെ എതിർപ്പിന്റെ ചെറുസാധ്യത പോലും മുഖ്യമന്ത്രി  പിണറായി വിജയൻ ഇല്ലാതാക്കി. വടകര കെ മുരളീധരനോട് പരാജയപ്പെട്ട പി ജയരാജൻ  ജില്ലാ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ പിന്നീട് തിരിച്ചെത്തിയില്ല .

വിജയൻ തോൽപ്പിച്ച തിരഞ്ഞെടുപ്പ്

ശബരിമലയിൽ യുവതീ പ്രവേശന വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനെടുത്ത നിലപാട് കാരണമാണ് എൽ ഡി എഫ് പരാജയപ്പെട്ടത് എന്ന് അറിയാത്ത ഒരു സിപിഎംകാരനും ഈ നാട്ടിലില്ല. പക്ഷേ പിണറായി വിജയനെ ആ വിഷയത്തിൽ കുറ്റപ്പെടുത്താൻ ഒരാളും ധൈര്യപ്പെട്ടില്ല.
സി പി എം കേന്ദ്ര സെക്രട്ടേറിയറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന കമ്മറ്റിയുടെ തീരുമാനങ്ങൾ അംഗീകരിച്ച് പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. ബംഗാളിലെ സി പി എമ്മിന്റെ അവസ്ഥ പിണറായി വിജയനെ സംഘടനയിൽ കൂടുതൽ കരുത്തനാക്കിയിരിക്കുന്നു. പിണറായി വിജയന്റെ നടപടികളെ വിമർശിക്കാൻ സി പി എമ്മിന് ഇന്ന് ശക്തിയില്ല.
ഇപ്പോൾ സ്വർണ്ണക്കടത്തു കേസ് സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ മുഖ്യമന്ത്രിക്ക് പാർട്ടി സെക്രട്ടറിയെ വേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ആ സാഹചര്യം കാത്തിരുന്ന പോലെയാണ് കോടിയേരിയുടെ പ്രതികരണം. പെട്ടന്നുകിട്ടിയ പ്രസക്തിയുടെ സന്തോഷവും അമ്പരപ്പും അദ്ദേഹം തുറന്നുകാട്ടുന്നുണ്ട്.ചുരുക്കി പറഞ്ഞാൽ സർക്കാർ കുഴയുമ്പോൾ കോടിയേരിക്ക് നല്ല കാലം വന്നിരിക്കയാണ്.