മധുരമുള്ള വിഷം ഉള്ളിൽ ചെല്ലുന്നു. കയ്പുള്ള വിഷം അകത്തേയ്ക്കു കടക്കാൻ ശ്രമിക്കുമ്പോൾ തന്നെ പുറംതള്ളപ്പെടുന്നു. അതുപോലെയാണ് ജീവിതത്തിലെ സുഖദുഃഖങ്ങൾ! സുന്ദരവും അസുന്ദരവുമായ ദൃശ്യങ്ങൾ!
വിവേകികൾ സുഖത്തെ ദുഃഖമായും, ദുഃഖത്തെ സുഖമായും അറിയുന്നു. രണ്ടും ഒന്നു തന്നെയാണ്. ഭംഗിയുള്ളതും മധുരമുള്ളതുമായ വിഷംപോലെയാണ് സുഖഭോഗവിഷയങ്ങൾ. കയ്പുള്ളതും അസുന്ദരവുമായ ദുഃഖാനുഭവങ്ങളിലൂടെയാണ് ഒന്നും നിത്യമല്ലെന്നുള്ള സത്യം ബോധ്യമാകുന്നത്. തുടർന്നാണ് ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളി നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്! ഒരേ വിഷയത്തിൽ നിന്നു തന്നെ സുഖമനുഭവപ്പെട്ടപ്പോൾ അത് സുന്ദരവും മധുരവും ആയിതോന്നി, ദുഃഖം അനുഭവിച്ചപ്പോൾ അതേ വിഷയംതന്നെ അസുന്ദരവും കയ്പുറ്റതുമായി തോന്നി. ഒരാൾ പ്രണയസാഫല്യത്തിനു വേണ്ടി വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഇഷ്ടജനത്തിൻറെ ഒപ്പം ഓടിപ്പോകുന്നു. തുടർന്ന് അവിടെനിന്ന് കഷ്ടത സഹിക്കാൻ വയ്യാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നു. അപ്പോൾ ആദ്യം കണ്ട് ആകർഷകത്വം തോന്നിയ സൗന്ദര്യം എവിടെ പോയി? മാറിമറിയുന്ന അനിത്യതയെയാണ് നാം സുഖമെന്നും ദുഃഖം എന്നും കാണുന്നത്.
ജീവിതം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി ഇതാണ്. ദുഃഖാനുഭവത്തെ വേണ്ടെന്നു വയ്ക്കുവാൻ എളുപ്പമാണ്. കാരണം അത് അതിൻറ കയ്പുറ്റ അനുഭവംകൊണ്ടു തന്നെ തിരസ്കരിക്കപ്പെടുന്നുണ്ട്. എന്നാൽ സുഖാനുഭവത്തെ വേണ്ടെന്നു വയ്ക്കാൻ കഴിയില്ല എന്നതാണ് വെല്ലുവിളി. ഇന്ന് മദ്യപിക്കുന്നു, ഇന്ന് പുക വലിക്കുന്നു, ഇന്ന് അഴിമതിയിലൂടെ പണം സമ്പാദിക്കുന്നു അങ്ങനെയെല്ലാം ഇന്നു നാം സുഖമായിരിക്കുന്നു എങ്കിൽ ഇതിന്റെ ഫലമായ രോഗദുരിതങ്ങളും ദുഃഖങ്ങളും പിന്നാലെ ഉണ്ടാകുന്നു. രണ്ടുപേർ തമ്മിൽ വസ്തുതർക്കം വരുന്നു, അല്ലെങ്കിൽ അധികാരതർക്കം വരുന്നു. സുഖഭോഗവിഷയങ്ങൾ നിത്യമല്ലെന്ന് അറിയാവുന്നൊരാൾ അവിടെ തന്റെ ഭാഗം വിട്ടുകൊടുത്തിട്ട് ശാന്തമായ് പോകും. ഭൗതികസുഖഭോഗവസ്തുക്കളിലാണ് സുഖമെന്നു ചിന്തിക്കുന്നവർ അത് എടുത്തനുഭവിക്കുകയും ചെയ്യും. ജീവിതം എപ്പോഴും ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് നേർ വിപരീത ദിശയിലേയ്ക്കാണ് സഞ്ചിരിക്കുന്നത്. എന്നു പറഞ്ഞാൽ ജീവിതത്തിൽ രണ്ട് അവസ്ഥകളാണ് ഉള്ളത്- സുഖാവസ്ഥയും ദുഃഖാവസ്ഥയും. ഇത് രണ്ടും ഒരേ വിഷയത്തിൻറെ തന്നെ ഭിന്ന മുഖങ്ങളാണെന്ന് മനസ്സിലാകുമ്പോഴാണ് ഉദാസീനഭാവം വരുന്നത്. വിധിവശാൽ വരുന്നത് വരട്ടെ എന്ന് പറഞ്ഞ് കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട്, ഏതു അമൂല്യനിധിശേഖരവും വിട്ടുകൊടുക്കാൻ തയ്യാറാകുന്ന മനോഭാവം അങ്ങനെ ഉണ്ടാകുന്നതാണ്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക, ആവശ്യമുള്ളത്ര മാത്രം ചെലവാക്കുക. ബാക്കിയുള്ളത് സമൂഹത്തിന് ഉപകരിക്കട്ടെ. അധ്വാനിക്കുന്നത് വീടിനെയും വീട്ടുകാരെയും പുലർത്താൻ വേണ്ടി മാത്രമല്ലല്ലോ, സമൂഹത്തെ പുലർത്താനും കൂടിയാകണമല്ലോ. അത്തരത്തിൽ ഭൗതികമായ ലക്ഷ്യം വിപുലമാകേണ്ടതുണ്ട്. ഒന്നിനോടും മത്സരിക്കാനല്ല തൻറെ ഭാഗം ഭംഗിയായി നിർവഹിക്കാനാണ് സമയം ചെലവഴിക്കേണ്ടത്. മറ്റുള്ളവരുടെ തിന്മകളെ കുറിച്ച് പറഞ്ഞ് സമയവും ശക്തിയും സ്വസ്ഥതയും കളയാതെ സ്വന്തം നന്മകളെ പ്രകാശിപ്പിക്കാമല്ലോ!
സുഖവും ദുഃഖവും കൂടി ചേരുമ്പോഴാണ് ജീവിതം ഒരാവർത്തി പൂർണ്ണമാകുന്നത്. അതുപോലെ ജനനവും മരണവും കൂടി ചേർന്ന് ജീവിതം ഒരാവർത്തി പൂർത്തിയാകുന്നു. അങ്ങനെ അങ്ങനെ ഇന്നത്തെ അവസ്ഥ അടുത്ത ആവർത്തിയിലേയ്ക്ക് പോയ്ക്കൊണ്ടേയിരിക്കുന്നു. ഒന്നുകിൽ രണ്ടിൻറെയും മധ്യബിന്ദുവിൽ വന്നു നിന്ന് ഈ ആവർത്തന ചക്രത്തെ അറിയുക. അല്ലെങ്കിൽ രണ്ടിനും പുറത്തു നിന്ന് ഉദാസീനനായ് രണ്ടിനെയും നോക്കിക്കാണുക. വൃത്തവലയത്തിൽ അകപ്പെട്ടുപോകുന്നതാണ് പ്രശ്നം.
കൈയിലുള്ളപ്പോൾ തന്നെ ”ത്യജിച്ചുകൊണ്ട് സ്വീകരിക്കുക”. അതായത് നമ്മുടെ കൈയിലുള്ള ധനം ഒരാൾക്കും തട്ടിയെടുക്കാൻ കഴിയരുത്. കൈയിലുള്ളത് സന്തോഷത്തോടെ വിട്ടുകൊടുക്കാൻ കഴിയുമ്പോൾ തട്ടിയെടുക്കാൻ കഴിയുന്നതെങ്ങനെയാണ്. ഒരു ആശ്രമത്തിൽ കടന്ന് കള്ളൻ അവിടെകണ്ട ഒരു പാത്രവും മോഷ്ടിച്ച് കടന്നുകളയുമ്പോൾ സന്ന്യാസി മറ്റൊരു പാത്രവും എടുത്തുകൊണ്ട് ആ കള്ളൻറെ പിന്നാലെ ഓടി ചെന്ന് ഇതാ ഇതും കൂടി എടുത്തുകൊള്ളൂ എന്നു പറയുന്നു.
നമ്മുടെ കൈകളിൽ ഇരിക്കുന്ന ധനത്തെ അല്ല, നമ്മുടെ മനസ്സിൽ ഇരിക്കുന്ന ധനത്തെയാണ് മറ്റുള്ളവർക്ക് മോഷ്ടിക്കാൻ കഴിയുക. മനസ്സാൽ ഉപേക്ഷിച്ചുകൊണ്ട് കൈവച്ച് പെരുമാറുന്നവ ഒരിക്കലും നമുക്ക് നഷ്ടപ്പെടില്ല, അത് നമ്മെ ദുഃഖിപ്പിക്കില്ല. നമുക്ക് കിട്ടിയ ആദ്യത്തെ ധനമായ ഈ ശരീരം പോലും ഏതു നിമിഷം വേണോ നശിച്ചുപോകാം എന്നിരിക്കെ ശരീരത്തെ പോലും ആദ്യമേ നാം മനസ്സുകൊണ്ട് ഉപേക്ഷിക്കുകയാണല്ലോ വേണ്ടത്! പിന്നെയല്ലേ ശരീരംകൊണ്ട് നേടുന്ന മറ്റു വിഷയങ്ങൾ!
”ഈശാ വാസ്യമിദം സർവ്വം
യത് കിംച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം.” (ഈശാവാസ്യോപനിഷത്ത്)
ഓം
-കൃഷ്ണകുമാർ കെ പി