പാലക്കാട് :തിരുവിഴാംകുന്നിൽ ചരിഞ്ഞ ആന ഗർഭിണിയെന്നു പോസ്റ്റുമോർട്ടം റിപ്പോർട് .കാട്ടുപന്നിയെ തുരത്താനായി പൈനാപ്പിളിനകത്ത് പടക്കം വച്ചിരുന്നത് കഴിച്ചാണ് ആന അപകടത്തിൽപ്പെട്ടത് . പടക്കം പൊട്ടി ആനയുടെ വായയുടെ അടിഭാഗവും ആന്തരികാവയവങ്ങളും പൊള്ളലേറ്റു .മുറിവ് വ്രണമായി മാറി പുഴുവരിച്ചതോടെ വേദന അസഹ്യമായി .വേദന സഹിക്കാനാകാത്തതിനാലാണ് ആന പുഴയിലിറങ്ങി നിന്നത്.


രക്ഷാപ്രവർത്തനം നടത്തി ആനയെ കരയ്ക്കുകയറ്റാൻ രണ്ടു കുങ്കിയാനകളുമായി ശ്രമം ആരംഭിച്ചുനോക്കിയെങ്കിലും വെള്ളത്തിൽ നിന്നും കയറാൻ ആന കൂട്ടാക്കിയില്ല .ഒടുവിൽ ആന വെള്ളത്തിൽ തന്നെ ചാരിയുകയായിരുന്നു .ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതോടെ മരണമടയുകയും ചെയ്തു .മരണമടഞ്ഞ ആനയ്ക്ക് പതിനഞ്ചു വയസ്സുണ്ട് എന്നാണ് റിപ്പോർട്ടിൽ .പാലക്കാട് മലപ്പുറം അതിർത്തിയിലാണ് ദാരുണമായ അന്ത്യം പിടിയാനയ്ക്കുണ്ടായിരിക്കുന്നത്.സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ട് .