ആടുജീവിതം സിനിമയ്ക്കായി ശരീരഭാരം കുറച്ചും താടി നീട്ടിവളര്‍ത്തിയും തയ്യാറെടുപ്പുകള്‍ നടത്തിയ താരമാണ് പൃഥിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടം അവതരിപ്പിക്കാനായിരുന്നു താരത്തിന്റെ മേക്കോവര്‍.

അയ്യപ്പനും കോശിക്കും പിന്നാലെ താടിയും മുടിയും നീട്ടിയാണ് പൃഥി ജോര്‍ദ്ദാനിലേക്ക് ഷൂട്ടിംഗിനായി പോയത്. പിന്നീട് ലോക്ക്ഡൗണ്‍ ആയതിനാല്‍ സംഘത്തിന് മൂന്ന് മാസത്തിനു ശേഷമാണ് തിരിച്ചെത്താനായത്. മെയ് 22ന് കൊച്ചിയിലെത്തിയ താരം 14 ദിവസത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് നടന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എട്ട് മാസങ്ങള്‍ക്കു ശേഷം തന്റെ നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയിരിക്കുകയാണ് പൃഥി. ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷൂട്ടിംഗ് ഭൂരിഭാഗവും പൂര്‍ത്തിയായതോടെ ആടുജീവിതം അവസാന മിനുക്കുപണിയിലാണ്. പൃഥിയുടെയും സംവിധായകന്‍ ബ്ലെസ്സിയുടെയും ഡ്രീം പ്രൊജക്ട് ആണ് ഈ സിനിമ.