ലോകമലയാളികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കാഴ്ചയില്‍ വിസ്മയം ഉളവാക്കുന്ന, പ്രേക്ഷകര്‍ ഇതു വരെ കാണാത്ത പ്രിയദര്‍ഷന്‍ മാജിക് ട്രെയിലര്‍ നല്‍കുന്നു. അക്ഷയ്കുമാര്‍, ചിരഞ്ജീവി, രാംചരണ്‍, യഷ്, സൂര്യ തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തു വിട്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശനും, അനി ഐ.വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.തിരുനാവുക്കരശ് ആണ്.

സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍, മധു, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റുമെന്നാണ് സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കൊറോണ ഭീഷണി നേരിടുന്നതിനാല്‍ മരയ്ക്കാര്‍ മെയ്മാസത്തില്‍ റിലീസ് മാറ്റുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആദ്യം മറ്റു രാജ്യങ്ങളിലെ റിലീസ് നീട്ടുന്ന കാര്യമാണ് ആലോചിച്ചതെങ്കിലും കേരളത്തിലും കൊറോണ ആശങ്ക വളര്‍ന്നതോടെ ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ റിലീസ് മെയ്യിലേക്ക് നീട്ടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.