പ്രിയങ്കാ ഗാന്ധിക്ക് രാജ്യതലസ്ഥാനത്ത് അനുവദിച്ച ഔദ്യോഗിക വസതി ഒഴിയണമെന്നുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ്സ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
സുരക്ഷാ ഭീഷണികളെ തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും നെഹ്‌റു കുടുംബത്തിലെ ഇളയ തലമുറയിലെ കരുത്തുറ്റ നേതാവുമായ പ്രിയങ്കാ ഗാന്ധിക്ക് അനുവദിച്ച ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്നുള്ള കേന്ദ്ര സർക്കാർ നിർദേശം രാഷ്ട്രീയ പകപോക്കൽ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. മുൻ പ്രധാനമന്ത്രിമാരായ ശ്രീമതി ഇന്ദിരാഗാന്ധിയും, ശ്രീ രാജീവ് ഗാന്ധിയും തീവ്രവാദി ആക്രമണങ്ങളിൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജ്യം ആദരിക്കുന്ന നെഹ്‌റു കുടുംബത്തിന് എസ് പി ജി സംരക്ഷണവും, സുരക്ഷ ഉറപ്പാക്കാൻ രാജ്യ തലസ്ഥാനത്ത് പ്രത്യേക വാസസ്ഥലവും അനുവദിച്ചത്.
രാഷ്ട്രീയ പകപോക്കൽ മാത്രം ലക്‌ഷ്യം വെച്ച് കഴിഞ്ഞ വർഷം ശ്രീമതി സോണിയ ഗാന്ധിയുടെയുംരാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയുംസംരക്ഷണ ചുമതലകളിൽ നിന്ന് എസ് പി ജി യെ സർക്കാർ നീക്കം ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശിച്ചിട്ടുള്ളതും. കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പുകൾ പോലും നെഹ്‌റു കുടുംബത്തിന് നേരെയുള്ള ശക്തമായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. ഇതെല്ലം അവഗണിച്ചാണ് രാഷ്ട്രീയ പകപോക്കലിനായി അവരുടെ സുരക്ഷ ചുമതല എസ് പി ജി യിൽ നിന്നും എടുത്തു മാറ്റിയത്.
കേന്ദ്ര സർക്കാരിനെതിരെയും, യുപിയിലെ ബി ജെ പി സർക്കാരിന്റെ ജനവിരുദ്ധ-ഫാസിസ്റ്റു നയങ്ങൾക്കെതിരെയും, പാവപ്പെട്ടവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിലും ബിജെപിയിലും സൃഷ്‌ടിച്ച ഭയമാണ് അവരെ ആശയപരമായി അഭിമുഖീകരിക്കുന്നതിനു പകരം ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കൽ നാടകം സ്വീകരിക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നടപടികളിലൂടെ കോൺഗ്രെസ്സിനെയോ നെഹ്‌റു കുടുംബത്തെയോ നിശബ്ദമാക്കാൻ സാധിക്കില്ലെന്നു കേന്ദ്ര സർക്കാരും ബിജെപിയും ഓർക്കുന്നത് നന്നായിരിക്കും.
ഉത്തർ പ്രദേശിലെ നെഹ്‌റു കുടുംബത്തിന്റെ സ്വന്തം ഭവനമായ ആനന്ദ് ഭവൻ പോലും രാജ്യത്തിന് വേണ്ടി സമർപ്പിച്ച പാരമ്പര്യമുള്ള കുടുംബമാണ് അവർ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരവധി തവണ ജയിൽവാസം അനുഭവിച്ച സാക്ഷാൽ ജവാഹർലാൽ നെഹ്‌റുവിന്റെ പിൻ തലമുറയോട് സ്വാതന്ത്ര്യ സമരത്തിൽ യാതൊരു ത്യാഗവും സഹിക്കാതെ രാജ്യതാൽപര്യങ്ങൾക്ക് നേരെ മുഖം തിരിച്ചു നിന്നവരുടെ അനുയായികൾക്ക് വിദ്വേഷം ഉണ്ടാവുക സ്വാഭാവികമാണ്.
രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമാക്കിയുള്ള ഇത്തരം ചിന്താശൂന്യമായ നടപടികൾ വൻ സുരക്ഷാഭീഷണിയുള്ള പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ മാത്രമേ കാരണമാകൂ. ഈ നടപടിയിലൂടെ ബിജെപി ലക്ഷ്യമാക്കുന്നതും ഇത് തന്നെയാണ്. ഇത്തരം നടപടികളിലൂടെ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളായ പ്രിയങ്കാ ഗാന്ധിയെയും,കോൺഗ്രെസിനെയും നിശബ്ദമാക്കാനോ ഭയപ്പെടുത്താനോ സാധിക്കുമെന്നത് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും വ്യാമോഹം മാത്രമാണ്.