PSC ചെയർമാന്റെയും ചില അംഗങ്ങളുടെയും അധികാരദുർവിനിയോഗവും ദാർഷ്ട്യവും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന PSC യുടെ വിശ്വാസ്യതയും സ്വീകാര്യതയും നിലനിർത്താൻ ഗവർണറും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ആവശ്യപ്പെട്ടു .
വനിത സിവിൽ എക്സ്സൈസ് ഓഫീസർ , വൊക്കേഷണൽ ഇൻസ്‌ട്രക്ടർ ,നഴ്സിംഗ് തുടങ്ങിയ തസ്തികൾക്കു നടത്തിയ എഴുത്തുപരീക്ഷ റദ്ദാക്കിയത് ഉത്തരക്കടലാസുകൾ ചിതലരിച്ചതു കൊണ്ടാണെന്നും പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ഉത്തരക്കടലടലാസുകൾ നഷ്ടപ്പെടുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ പറയുന്നു .
മെയ്‌ 25 ന് OMR രീതിയിൽ നടത്താൻ തീരുമാനിച്ചിരുന്ന System analyst പരീക്ഷ On line പരീക്ഷയായി മാറ്റിയത് പരീക്ഷ ചുമതലയുള്ള രണ്ടു C-dit ജീവനക്കാരുടെ താത്പര്യപ്രകാരമാണ്.മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി PSC പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്തി ക്രിസ്ത്യൻ വിശ്വാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ശബരിമലയിൽ ആദ്യം കയറിയ വനിതകളെ കുറിച്ചുള്ള ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയതും ബോധപൂർവമാണ്. psc യുടെ വിശ്വാസ്യതയും സ്വീകാര്യതയും നഷ്ടപെടുന്നതിനു ഈ നടപടികൾ കാരണമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
പത്രപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടാൽ ഫോൺ എടുക്കില്ലെന്നും ,ഔദ്യോഗിക യാത്രകളിൽ തന്നെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവുകൾ സർക്കാർ വഹിക്കണമെന്നുമുള്ള psc ചെയർമാന്റെ നിലപാട് അപഹാസ്യമാണെന്നും നിവേദനത്തിൽ പറയുന്നു .
PSC യുടെ ചെയർമാനും കമ്മീഷനിലെ രണ്ട് അംഗങ്ങളും കൂടിചേർന്നാണ് അപക്വവും സ്വജനപക്ഷപാതപരവുമായ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കൺവീനർ R.S.ശശികുമാർ നിവേദനത്തിൽ കുറ്റപെടുത്തിയിട്ടുണ്ട് .