അഗ്നിക്കൊരു പ്രത്യേകതയുണ്ട് നല്ലതെന്നോ ചീത്തയെന്നോയില്ലാതെ രണ്ടിനെയും ദഹിപ്പിച്ച് വിശുദ്ധസത്യമായ് ഒന്നായി പ്രകാശിപ്പിക്കും. അഗ്നിയില്‍ വസിക്കുന്നവരാണ് ദേവതകള്‍! അതിനാല്‍ പരിശുദ്ധി അഗ്നിതന്നെയാണ്. അഗ്നി സീതയ്ക്കും ഹനുമാനും വാസസ്ഥാനമാകുന്നത് പരിശുദ്ധികൊണ്ടാണ്. ഈശ്വരനിലേയ്ക്കുള്ളവഴി അഗ്നിശുദ്ധിയാണ്. തപോബലം അഗ്നിയാണ്. ജ്ഞാനബലം ബ്രഹ്മനിഷ്ഠയാണ്. പരിശുദ്ധികൊണ്ട് സ്വയം ജ്വലിച്ച് ലോകത്തിന് പ്രകാശമായി നില്‍ക്കുന്ന തപോധനന്മാരെ ആഗ്നേയാസ്ത്രം കൊണ്ട് എന്തു ചെയ്യാനാകും? ബ്രഹ്മസ്വരൂപനായിരിക്കുന്ന ബ്രഹ്മര്‍ഷിയെ ബ്രഹ്മാസ്ത്രംകൊണ്ട് എന്തുചെയ്യാനാണ്? പരിശുദ്ധിയെ വെല്ലാന്‍ ഒരു ശക്തിക്കും സാധിക്കില്ല! ലങ്കാധിപതി അഗ്നികൊണ്ട് ഹനുമാനെ ശിക്ഷിക്കാന്‍ നോക്കി. ഒടുവില്‍ എന്താ സംഭവിച്ചത്? ഹനുമാന്‍ അഗ്നിസ്വരൂപനായി നിന്നുകൊണ്ട് സ്വന്തം പരിശുദ്ധിയെ പ്രകാശിപ്പിച്ചു. അതില്‍ എരിഞ്ഞടങ്ങിയതാകട്ടെ രാക്ഷസപുരിയും! രാക്ഷസരാജാവിന്‍റെയും ലങ്കയുടെയും കളങ്കം ലോകത്തിനു മുന്നില്‍ വെളിപ്പെടുകയും ചെയ്തു. ആസുരശക്തികള്‍ക്ക് അഗ്നി ആയുധമാണ്. അത് സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ശത്രുവിന്‍റെ ദേഹം മാത്രമല്ല സ്വന്തം കൈകളും പൊള്ളും എന്നു കാണാം! എന്നാല്‍ സ്വയം അഗ്നിസ്വരൂപമായ പരിശുദ്ധമൂര്‍ത്തികള്‍ക്ക് അഗ്നി ആയുധമല്ല, വാസസ്ഥാനംതന്നെയാണ്.

അഗ്നി നമുക്ക് ഉപാസനാമൂര്‍ത്തിയാകണം.
സൂര്യന്‍ പരിശുദ്ധിയാണ്. ആ സ്വയംപ്രകാശം മുന്നിലുള്ളതിനെയെല്ലാം ഒരുപോലെ പ്രകാശിപ്പിക്കുന്നതിനാല്‍ നമുക്ക് പ്രാകാശത്തിനു മുന്നില്‍ ഒന്നും ഒളിക്കാന്‍ കഴിയില്ല. സ്വയം കണ്ണുകള്‍ അടച്ച് സ്വന്തം കാഴ്ചയെ മറയ്ക്കാമെന്ന് മാത്രം. അങ്ങനെ കണ്ണുകള്‍ അടച്ച് തെറ്റുകള്‍ ചെയ്യുന്നവര്‍ക്കും മറ്റുള്ളവരുടെ കണ്ണുകളെ മറയ്ക്കുവാന്‍ കഴിയില്ലല്ലോ? നാം കണ്ണുകള്‍ അടക്കുമ്പോഴും മറ്റുള്ളവര്‍ കാണുന്നുണ്ട്. എന്തെന്നാല്‍ സത്യം എന്നത് സൂര്യനെപോലെ സ്വയംപ്രകാശം ആണ്. അതിനാല്‍ അതിനെ ആര്‍ക്കും മൂടിവയ്ക്കാന്‍ കഴിയില്ല.

നമ്മുടെ ബുദ്ധി വിശുദ്ധമായ് തെളിഞ്ഞിരിക്കട്ടെ. മനസ്സും വിശുദ്ധമായ് പ്രകാശിക്കട്ടെ. ശരീരവും വിശുദ്ധമായ പ്രവൃത്തികള്‍ ചെയ്യട്ടെ. അതിനുള്ള പ്രകാശം അഗ്നിദേവന്‍ നമുക്ക് നല്‍കട്ടെ.
ചന്ദ്രനെയും ഭൂമിയെയും ആകാശത്തെയും പ്രകാശിപ്പിക്കുന്ന ആത്മസൂര്യന്‍ നമ്മുടെ ബുദ്ധിയില്‍ വിശുദ്ധചിന്തയായ് പ്രകാശിക്കട്ട. രാക്ഷസന്മാര്‍ ബുദ്ധിക്ക് ശുദ്ധിയില്ലാതെ അവിവേകംകൊണ്ട് ഹനുമാനെതിരെ അഗ്നി പ്രയോഗിച്ചതുപോലെ അഗ്നി നമുക്ക് ആയുധമാകാതിരിക്കട്ടെ. വിശുദ്ധികൊണ്ട് അഗ്നി നമുക്ക് സ്വന്തം വാസസ്ഥാനമായിരിക്കട്ടെ! വാക്കും മനസ്സും പ്രവൃത്തിയും അഗ്നിസ്വരൂപമാകട്ടെ! അവ വിശുദ്ധമാകട്ടെ! അറിവിന്‍റെ അഗ്നി അകത്തും വിശുദ്ധിയുടെ ദീപം ഗൃഹത്തിലും ദോഷങ്ങള്‍ അകറ്റുമാറാകട്ടെ!

”ഓം ഭൂര്‍ ഭൂവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്”
ഓം

കൃഷ്ണകുമാർ കെ പി