ജോസ് കെ മാണി യു ഡി എഫ് മുന്നണി വിടുന്നത് ഉമ്മൻചാണ്ടിക്കും രമേശിനുമാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കോട്ടയം ലോക്സഭാ എം പി ആയിരുന്ന ജോസ് കെ മാണിക്ക് അവരിരുവരും രാജ്യസഭാ സീറ്റ് അങ്ങോട്ട് കൊണ്ട് കൊടുക്കുകയായിരുന്നു . കേരളാ കോൺഗ്രസോ ജോസ് കെ മാണിയെ ആവശ്യപ്പെടാതെ തന്നെ രാജ്യസഭാ സീറ്റ് കൊണ്ട് കൊടുത്ത് അന്ന് കോൺഗ്രസിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത് .പി ജെ കുര്യൻ രാജ്യസഭാ എം പി ആകുന്നതു തടയാൻ വേണ്ടിയാണ് ഒഴിവു വന്ന രാജ്യസഭാ സീറ്റ് ജോസ് കെ മണിക്ക് കൊടുത്തത് എന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ടായി .

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ മുൻ കെ പി സി സി അദ്ധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തി .ഒഴിവു വന്ന കോൺഗ്രസ്സിന് ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് ജോസ് ജെ മണിക്ക് കൊടുക്കാൻ തീരുമാനിച്ചതിനെ എതിർത്ത നേതാവാണ് സുധീരൻ . ആ വിഷയത്തിൽ ഉമ്മൻചാണ്ടിയും രമേശും ഒരുമിച്ചു കൈകോർത്തു നിന്നതോടെ ജോസ് കെ മാണി രാജ്യസഭയിലെത്തി .കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടും ദഹിക്കാത്ത തീരുമാനമായി തന്നെ അതുമാറി .
ഇപ്പോൾ യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുപാളയത്തിലേക്കു ചേക്കേറാൻ ജോസ് തയ്യാറെടുക്കുന്നതിനിടെ കൊടുത്ത രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് .
തദവസരത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ് എന്നാണ് സുധീരൻ അഭിപ്രായപ്പെട്ടത് .
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് താൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു എന്ന് സുധീരൻ പറയുന്നു .
കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് വിയോജിപ്പിൻ്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തത് സുധീരൻ ഓർമിപ്പിച്ചു .
എന്റെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ എന്ന ഉപദേശവും സുധീരൻ നൽകി .